വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 41,806 പേര്‍ക്ക്

July 15, 2021
COVID-19 Cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടിയിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,806 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,09,87,880 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.

581 കൊവിഡ് മരണങ്ങളും ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,11,989 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്.

3,01,43,850 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തരായി. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,32,041 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: India reports 41,806 new Covid cases