പേര് ചപ്പാത്തി; 30 രാജ്യങ്ങള്‍ സന്ദര്‍ശിച്ച നായ- അന്ന് കൊച്ചിക്കാരി, ഇന്ന് യുക്രൈനില്‍

July 28, 2021
Journey of Chapathi dog from Kochi to the world tour

പലര്‍ക്കും ഏറെ ഇഷ്ടമാണ് യാത്രകള്‍. ദേശങ്ങളുടെയും ഭാഷകളുടേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് പലരും പുതിയ തീരങ്ങളിലെത്തുന്നു. കാഴ്ചകള്‍ ആസ്വദിക്കുന്നു. പുതിയ ഭക്ഷണങ്ങളും സംസ്‌കാരങ്ങളുമൊക്കെ പരിചയപ്പെടുന്നു. പലവിധ കാരണങ്ങളാലാണ് ഓരോരുത്തരും യാത്രകള്‍ ചെയ്യുന്നത്. യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരപ്രിയന്റെ കഥയും കൗതുകമാകുകയാണ്.

ചപ്പാത്തി എന്നാണ് പേര്. ആള് ഒരു നായയാണ്. പക്ഷെ ഇതിനോടകം തന്നെ മുപ്പത് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യുക്രൈന്‍ സ്വദേശികളായ യുജിന്‍ പെദ്രോസ്- ക്രിസ്റ്റീന മസലോവ ദമ്പതികള്‍ക്കൊപ്പമാണ് ഈ നായയുടെ ലോക സഞ്ചാരം. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചപ്പാത്തിയുടെ കഥ സഞ്ചാര പ്രിയര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Read more: ഒളിമ്പിക്‌സില്‍ സ്വര്‍ണത്തിലേക്ക് നീന്തിക്കയറിയ ടോം ഡീന്‍ കൊവിഡിനെ തോല്‍പിച്ചത് രണ്ട് തവണ

കേരളമാണ് ചപ്പാത്തി എന്ന നായയുടെ ജന്മദേശം എന്ന് പറയാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017-ലാണ് ദമ്പതികള്‍ക്ക് നായയെ ലഭിക്കുന്നത്. അതും കൊച്ചിയില്‍ നിന്ന്. ഭക്ഷണം പോലും കിട്ടാതെ അവശനിലയിലായിരുന്ന ആ നായയ്ക്ക് അവര്‍ ഭക്ഷണം നല്‍കി പരിചരിച്ചു. സ്വദേശത്തേക്ക് മടങ്ങിയപ്പോള്‍ കൂടെ കൂട്ടുകയും ചെയ്തു. ഈ ദമ്പതികള്‍ക്ക് കേരളത്തില്‍ നിന്നും കഴിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ചപ്പാത്തി. അതുകൊണ്ടാണ് അവര്‍ കേരളത്തില്‍ നിന്നും കിട്ടിയ നായയ്ക്ക് ചപ്പാത്തി എന്ന പേരിട്ടത്.

യുക്രൈനിലെ പെറ്റ് പാസ്‌പോര്‍ട്ട് വരെയുണ്ട് ഈ നായയ്ക്ക്. ദമ്പതികള്‍ക്കൊപ്പം പലയിടങ്ങളും സഞ്ചരിച്ചു. ഏകദേശം 55,000 കിലോമീറ്ററിലധികം ദൂരം താണ്ടിയിട്ടുണ്ട് ഈ നായ. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടി.

Story highlights: Journey of Chapathi dog from Kochi to the world tour