പരീക്ഷയ്ക്ക് പോകാൻ വാഹനം കിട്ടാതെ വലഞ്ഞ വിദ്യാർത്ഥികൾക്ക് കരുതലായി കേരള പൊലീസ്; നന്ദി അറിയിച്ച് സോഷ്യൽ മീഡിയ

July 5, 2021

കേരള പൊലീസിന്റെ കരുതലിന്റെയും നന്മയുടെയും നിരവധി വാർത്തകൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ശ്രദ്ധനേടുകയാണ് പരീക്ഷക്ക് പോകാൻ വാഹനം കിട്ടാതെ വലഞ്ഞ വിദ്യാർത്ഥികൾക്ക് യാത്രയൊരുക്കിയ കേരള പൊലീസിന്റെ നല്ല മനസ്. വാഹനം കിട്ടാതെ പരീക്ഷയ്ക്ക് സ്കൂളിൽ എത്തിച്ചേരാനാകാതെ വഴിയോരത്ത് കാത്തുനിന്ന ഹയർസെക്കൻഡറി വിദ്യാർത്ഥികളെ സ്വന്തം വാഹനത്തിൽ പരീക്ഷാഹാളിൽ എത്തിച്ചാണ് ശൂരനാട് പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ മഞ്ജു വി നായർ കാക്കിക്കുള്ളിലെ കരുതലിൻ്റെ പ്രതീകമായത്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഈ വാർത്ത ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ശൂരനാട് ഗവൺമെൻറ് സ്കൂളിലെ വിദ്യാർത്ഥികളായ ഇജാസ്, അഭിരാം എന്നിവരെയാണ് എസ് ഐ മഞ്ജുവും സംഘവും ചേർന്ന് കൃത്യസമയത്ത് കോളജിൽ എത്തിച്ച് മാതൃകയായത്.

പരീക്ഷ എഴുതാൻ ഉള്ള യാത്രയിൽ വാഹനം കിട്ടാതെ റോഡരികിൽനിന്ന ശൂരനാട് ഗവൺമെൻറ് സ്കൂളിലെ വിദ്യാർത്ഥികളായ ഇജാസ്, അഭിരാം എന്നിവരെയാണ് വനിതാ എസ് ഐ മഞ്ജു തൻ്റെ സ്വകാര്യ വാഹനത്തിൽ പരീക്ഷകേന്ദ്രത്തിൽ എത്തിച്ചത്. 11 മണിക്കുള്ള കണക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയ്ക്കായി പത്തു മണി മുതൽ കൊല്ലം-തേനി പാതയിൽ താമരകുളത്തു ബസ് കാത്തു നിന്നെങ്കിലും വാഹനം കിട്ടിയില്ല.

നിരവധി ഇരുചക്രവാഹനങ്ങൾക്ക് കൈ കാണിച്ചു പുറകെ ഓടിയെങ്കിലും കൊവിഡ് ഭീതിയുള്ളതിനാൽ ആരും വാഹനം നിർത്താൻ തയ്യാറായില്ല. ഈ സമയത്താണ് താമരക്കുളം സ്വദേശിയായ മഞ്ജു ഡ്യൂട്ടിക്ക് പോകാനായി അതുവഴി വന്നത്. വാഹനത്തിന് കൈ കാണിച്ചപ്പോൾ എസ് ഐ വാഹനം നിർത്തി. യൂണിഫോം ധാരിയായ എസ്.ഐയെ കണ്ടപ്പോൾ കയറാൻ മടിച്ച ഇരുവരോടും കാര്യങ്ങൾ തിരക്കുകയും വാഹനത്തിൽ കയറ്റി പരീക്ഷാഹാളിൽ എത്തിക്കുകയുമായിരുന്നു. എസ്. ഐയോടൊപ്പമുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിദ്യാർത്ഥികൾ പൊലീസിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Story highlights; police helps students to reach on time for the examination