സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

July 13, 2021
Kerala Sunday lockdown

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നു. കടകള്‍ തുറക്കുന്നതിനുള്ള സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ മേഖലകളിലും ഇളവുകള്‍ ബാധകമല്ല. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് വിവിധ ഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുള്ളത് പോലെതന്നെ ലോക്ക്ഡൗണ്‍ തുടരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും അഞ്ചിനും പത്തിനും ഇടയിലുള്ള പ്രദേശങ്ങള്‍ ബി വിഭാഗത്തിലും 10 നും 15 നും ഇടയിലുള്ള പ്രദേശങ്ങള്‍ സി വിഭാഗത്തിലും 15 ന് മുകളിലുള്ള പ്രദേശങ്ങള്‍ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തിക്കൊണ്ടാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള എ, ബി, സി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ എല്ലാ കടകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ബാങ്കുകള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലും പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരിക്കുന്നു.

Story highlights: Kerala to ease Covid 19 lockdown restrictions