നാലാംക്ലാസ്സുകാരി ഹിദ മാസങ്ങള്‍ക്ക് മുന്‍പ് പാടി; മാലിക്കിലെ ആ ഹിറ്റ് ഗാനത്തിന്റെ കഥയിങ്ങനെ
ഒരു നോട്ടം കൊണ്ടുപോലും അഭിനയവിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തിയ മാലിക് എന്ന ഏറ്റവും പുതിയ ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ചലച്ചിത്രലോകത്ത് നിന്നും ലഭിക്കുന്നത്. മാലിക്കിലെ കഥാപാത്രങ്ങളും ചില രംഗങ്ങളുമെല്ലാം പ്രേക്ഷകന്റെ ഉള്ളില്‍ വിട്ടകലാതെ തെളിഞ്ഞു നില്ക്കുന്നു. അതുപോലെ ചിത്രത്തിന്റെ അവസാന ഭാഗത്തെ ഖവാലി സംഗീതവും. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസിലാകെ ഈ പാട്ട് ഇടം നേടി.
ഹിദ എന്ന മിടുക്കിയാണ് ഈ പാട്ടിന് പിന്നില്‍. നാലാം ക്ലാസുകാരിയായ ഹിദ മാസങ്ങള്‍ക്ക് മുന്‍പ് പാടിയ പാട്ട് സിനിമയിലെത്തി. ഹിറ്റായി മാറുകയും ചെയ്തു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഹിദ. മലപ്പുറം ചോക്കാടു സ്വദേശിനി. ഹിദയുടെ സഹോദരി റിഫയും പാട്ടുകാരിയാണ്. മാസങ്ങള്‍ക്ക് മുന്‍പ് റിഫയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനായി സംഗീതസംവിധായകനായ ഹനീഫ മുടിക്കോടിനടുത്തെയിതാണ് ഹിദ. അന്ന് ഹിദയെക്കൊണ്ട് സംവിധായകന് നാല് വരി പാടിപ്പിച്ചു. മാസങ്ങള്‍ക്കിപ്പുറം ആ വരികളാണ് മാലിക്കില്‍ പ്രതിഫലിച്ചത്.
മാലിക് എന്ന സിനിമയില്‍ ആ പാട്ട് ഉണ്ടാകുമെന്ന് ഹിദ അറിഞ്ഞിരുന്നില്ല. പാട്ട് ഹിറ്റായതോടെ നിരവധിപ്പേരാണ് ഈ കുരുന്ന് ഗായികപ്രതിഭയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സംഗീതമൊന്നും ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും അതിഗംഭീരമായ ആലാപന മികവുകൊണ്ട് അതിശയിപ്പിക്കുകയാണ് ഈ കുട്ടിത്താരം. മഹേഷ് നാരയണന് ആണ് മാലിക്കിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫഹദിനൊപ്പം നിമിഷ സജയനും വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
Story highlights: Qawwali in Malik movie sung by 4th standard student Hidha