കൗതുകം നിറച്ച് മാലിക്കിലെ കാസ്റ്റിംഗ്; ചിത്രത്തിൽ സലിം കുമാറിന്റെ ചെറുപ്പം അവതരിപ്പിച്ച് മകൻ ചന്തു കുമാർ
മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തി സോഷ്യൽ ഇടങ്ങളിലും സിനിമ പ്രേമികൾക്കിടയിലും ഏറെ ചർച്ചകൾക്ക് വഴിതെളിച്ചുകൊണ്ടിരിക്കുകയാണ് മാലിക് എന്ന ചിത്രം. ലോകമെമ്പാടുനിന്നും ചിത്രത്തിന്റെ മേക്കിങ്ങിനും കാസ്റ്റിങ്ങിനുമടക്കം പ്രശംസകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ മേഖലയിലെ നിരവധി മികച്ച താരങ്ങൾ അണിനിരന്ന ചിത്രത്തിലൂടെ ഒട്ടനവധി പുതുമുഖതാരങ്ങളെയും സംവിധായകൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി.
കഥാപാത്രങ്ങളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ചിത്രത്തിൽ പ്രധാന താരങ്ങളുടെ ചെറുപ്പകാലം അവതരിപ്പിച്ച താരങ്ങളും സിനിമ പ്രേമികൾക്കിടയിൽ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ കാസ്റ്റിംഗിലെ ചില കൗതുകങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ ഫഹദ് അമ്മയായി വേഷമിട്ടുകൊണ്ട് ജലജ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോൾ, ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ച മകൾ ദേവിയും സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഇതിന് പുറമെ അച്ഛന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് മറ്റൊരു താരപുത്രനും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
Read also: മന്ത്രിയായ മകനും, കൃഷിക്കാരായ മാതാപിതാക്കളും; സോഷ്യൽ മീഡിയയുടെ കൈയടിനേടിയ കുടുംബം
സലിം കുമാർ അവതരിപ്പിച്ച മൂസാക്കയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സലിം കുമാറിന്റെ മകൻ ചന്തു കുമാറാണ്. അലീക്കയായി ഫഹദ് ഫാസിൽ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ താരത്തിനൊപ്പം തന്നെ മികച്ച അഭിനയം കാഴ്ചവെച്ചവരാണ് വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ജോജു ജോർജ്, നിമിഷ സജയൻ, സനൽ അമൻ, ജലജ, സലിം കുമാർ തുടങ്ങിയ താരങ്ങളും.
ടേക്ക് ഓഫിന് ശേഷം പ്രേക്ഷകരിലേക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ചുകൊണ്ട് മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് മാലിക്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്വഹിക്കുന്നതും മഹേഷ് നാരായണന് തന്നെയാണ്.
Story Highlights: salim kumar son chandhu in malik movie