സണ്ണി വെയ്‌നൊപ്പം അഹാന കൃഷ്ണ; ‘പിടികിട്ടാപുള്ളി’വരുന്നു

July 16, 2021

സണ്ണി വെയ്‌നൊപ്പം അഹാന കൃഷ്ണ മുഖ്യകഥാപാത്രകുന്ന ചിത്രം ഒരുങ്ങുന്നു. പിടികിട്ടാപുള്ളി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിഷ്‌ണു ശ്രീകണ്ഠനാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിയിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരനാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. സണ്ണി വെയ്‌നും അഹാന കൃഷ്ണയ്ക്കുമൊപ്പം ബൈജു സന്തോഷ്, ലാലു അലക്‌സ്, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് സണ്ണി വെയ്ൻ. താരം മുഖ്യകഥാപാത്രമായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം സാറാസ് ആണ്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന ബെന്നിനൊപ്പമാണ് സണ്ണി വെയ്ൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം കൂടിയാണ് സാറാസ്.

Read also: ‘മാലിക്കി’ലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി ജലജ, അമ്മയുടെ ചെറുപ്പകാലം അവതരിപ്പിച്ച് അഭിനയരംഗത്തേക്ക് ചുവടുവെച്ച് മകളും

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് അഹാന കൃഷ്ണ. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അഹാനയുടേതായി നാന്‍സി റാണി എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.  അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം.

Story Highlights: Sunny Wayne Ahana starring Pidikittapulli