26 വര്‍ഷങ്ങള്‍ക്ക് ശേഷം വിക്രത്തിനൊപ്പം ബാബു ആന്റണി

August 29, 2021
Babu Antony to work with Vikram after 26-years

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും വെള്ളിത്തിരയില്‍ കൈയടി നേടുന്നു. മണിരത്നം സംവിധാനം നിര്‍വഹിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലും ബാബു ആന്റണി ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം. തമിഴ്താരം വിക്രവും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നുണ്ട്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു ചിത്രത്തില്‍ ബാബു ആന്റണിയും വിക്രവും ഒരുമിച്ചെത്തുന്നത്. 1995-ല്‍ പ്രേക്ഷകരിലേക്കെത്തിയ സ്ട്രീറ്റ് എന്ന ചിത്രത്തില്‍ ഇരുവരും മുന്‍പ് ഒരുമിച്ച് അഭിനയിച്ചിരുന്നു.

Read more: ‘ഒരു മരണവും എന്നെ ഇങ്ങനെ ഉലച്ചിട്ടില്ല’ അസോസിയേറ്റ് ഡയറക്ടര്‍ ജയന്റെ വേര്‍പാടില്‍ വേദനയോടെ ബി ഉണ്ണികൃഷ്ണന്‍

അതേസമയം പൊന്നിയിന്‍ സെല്‍വം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് ചിത്രമൊരുക്കുന്നത്. ഐശ്വര്യ റായി, ജയംരവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്‍, റിയാസ് ഖാന്‍, പാര്‍ഥിപന്‍, പ്രകാശ് രാജ്, ലാല്‍, ജയറാം, റഹ്‌മാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി വര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഇളങ്കോ കുമാരവേലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മിക്കുന്നത്.

Story highlights: Babu Antony to work with Vikram after 26-years