ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന എയർഹോസ്റ്റസ്- അമ്പരപ്പിക്കുന്ന വിഡിയോ

August 10, 2021

ലോകത്തിന് മുന്നിൽ അത്ഭുതമായി തല ഉയർത്തി നിൽക്കുന്ന കെട്ടിടമാണ് ബുർജ് ഖലീഫ. ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ് ഈ കെട്ടിടം. ഇപ്പോൾ ശ്രദ്ധേയമാകുന്നത് ബുർജ് ഖലീഫയുടെ മുകളിൽ നിൽക്കുന്ന ഒരു എയർഹോസ്റ്റസിന്റെ ദൃശ്യമാണ്. അവിശ്വസനീയമായ ഈ ദൃശ്യം വ്യാജമാണ് എന്നും ഗ്രീൻ മാറ്റിൽ എഡിറ്റ് ചെയ്തതാണ് എന്നുമൊക്കെ ആളുകൾ വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ, യുവതി ബുർജ് ഖലീഫയുടെ മുകളിലേക്ക് കേറുന്നതും അവിടെ നിൽക്കുന്നതുമായ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.

ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ് ആണ് പുതിയ മാർക്കറ്റിങ് തന്ത്രം പരീക്ഷിച്ചത്. 828 മീറ്റർ നീളമുള്ള ബുർജ് ഖലീഫയുടെ അഗ്രഭാഗത്ത് എമിറേറ്റ്സ് ക്യാബിൻ ക്രൂ അംഗം യൂണിഫോമിൽ നിൽക്കുന്നതായി കാണിക്കുന്ന പരസ്യമാണ് ആദ്യം ശ്രദ്ധേയമായത്. ഇത് സത്യമല്ല എന്ന വാദം ഉയർന്നതോടെ എമിറേറ്റ്സ് എയർലൈൻസ് മേക്കിംഗ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.

Read More: ‘ഇറ്റ്സ് ടൈം ഫോർ ചിന്നമ്മ..’- രസികൻ നൃത്തവുമായി നമിത പ്രമോദ്

പരസ്യം വളരെ നാടകീയമായതിനാലാണ് എല്ലാവരിലും വിസ്മയമായി മാറിയത്. പ്രത്യേക എഫക്റ്റുകൾ ഒന്നുമില്ലാതെയാണ് ഈ വിഡിയോ പകർത്തിയിരിക്കുന്നത്. സ്‌കൈ ഡൈവിംഗ് പരിശീലകയായ നിക്കോൾ സ്മിത്ത് ലുഡ്വിക്ക് ആണ് എയർഹോസ്റ്റസായി അഭിനയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കാരണം നിർത്തിവെച്ചിരുന്ന ബ്രിട്ടനിലേക്കുള്ള വിമാനസർവീസ് പുനഃരാരംഭിച്ചതിന്റെ ഭാഗമായാണ് എമിറേറ്റ്സ് എയർലൈൻസ് ഇങ്ങനെയൊരു പരസ്യം ചെയ്തത്.

Story highlights-emirates airline advertisement