പിറന്നാള്‍ നിറവില്‍ ഫഹദ് ഫാസില്‍; ആശംസകളോടെ ചലച്ചിത്ര ലോകം

August 8, 2021
Fahadh Faasil Birthday special article

ഒരു നേട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് ഫഹദ് ഫാസില്‍. നിരവധിയാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും. പിറന്നാള്‍ നിറവിലാണ് ഫഹദ് ഫാസില്‍. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തുന്നു.

ആദ്യ സിനിമയില്‍ കാര്യമായി ശ്രദ്ധിക്കാതെ പോയെങ്കിലും മലയാള സിനിമയിലേക്കുള്ള ഫഹദിന്റെ രണ്ടാം വരവ് ഗംഭീരമായിരുന്നു. പിന്നീട് അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളേയും താരം പരിപൂര്‍ണ്ണതയിലെത്തിച്ചു. 1982 ഓഗസ്റ്റ് എട്ടിന് ആലപ്പുഴയിലായിരുന്നു ഫഹദിന്റെ ജനനം. മലയാളികള്‍ക്ക് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ഫാസിലിന്റെ മകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ് ഫഹദ്. കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് ഫാസിലിന്റെ മലയാള ചലച്ചിത്രപ്രവേശനം. ഫാസില്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം 2002-ലാണ് പ്രേക്ഷകരിലേക്കെത്തിയത്.

Read more: അതേ ആവേശവും ചടുലതയും; ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ വീണ്ടും ചുവടുവയ്ക്കുമ്പോൾ- വിഡിയോ

പിന്നീട് പഠനത്തിനായി താരം വിദേശത്തേയ്ക്ക് പോയി. കേരളാ കഫേ എന്ന സിനിമയുടെ ഭാഗമായ ‘ഇതിലെ മൃത്യഞ്ജയം’ എന്ന ചിത്രത്തിലൂടെ താരം വീണ്ടും വെള്ളിത്തരിയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം കൈയടി നേടി. ചാപ്പാ കുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആന്‍േ, ബംഗ്ലൂര്‍ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ട്രാന്‍സ്, ജോജി, മാലിക്…. അങ്ങനെ ഓരോ ചിത്രങ്ങളിലും അഭിനയമികവുകൊണ്ട് ഫഹദ് ഫാസില്‍ എന്ന നടന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.

ഫഹദ് ഫാസിലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ലിന്റോ കുര്യന്‍ തയാറാക്കിയ സ്‌പെഷ്യല്‍ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഫഹദിന്റെ സിനിമാ ജീവിതത്തിന്റെ ആരംഭവും പിന്നീടുള്ള രണ്ടാം വരവുമെല്ലാം ചേര്‍ത്തുവെച്ചുകൊണ്ടാണ് ഈ സ്‌പെഷ്യല്‍ വിഡിയോ തയാറാക്കിയിരിക്കുന്നത്. ചലച്ചിത്രതാരങ്ങളുടെ മാഷപ്പ് വിഡിയോകള്‍ തയാറാക്കി ശ്രദ്ധേയനായ എഡിറ്ററാണ് ലിന്റോ കുര്യന്‍.

Story highlights: Fahadh Faasil Birthday special article