കാര്‍ത്തിക്കിന്റെ സ്വരമാധുരിയില്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി സൂര്യാ ചിത്രത്തിലെ ഗാനം

നാളുകള്‍ക്ക് മുന്‍പേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് സൂര്യ- ഗൗതം മേനോന്- കാര്‍ത്തിക് കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വാരണം ആയിരം എന്ന ചിത്രത്തിലെ പാട്ടുകള്‍ ഇന്നും പ്രേക്ഷക മനസ്സുകളിലുണ്ട്. വീണ്ടും ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുകയാണ് സൂര്യയ്ക്കായി കാര്‍ത്തിക് പാടിയ ഗാനം. നവരസ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് ആന്തോളജി ചിത്രമായ നവരസ പ്രേക്ഷകരിലേക്കെത്തിയത്. ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ അടങ്ങുന്നതാണ് നവരസ. ഇതില്‍ ഒരു ചിത്രമായ ‘ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര്’-ല്‍ സൂര്യ ആണ് പ്രധാന കഥാപാത്രമായെത്തുന്നത്. ഈ ചിത്രത്തിലെ ഗാനമാണ് ഹിറ്റ്ലിസ്റ്റില് ഇടം നേടിയിരിക്കുന്നത്.
പ്രായഗ മാര്ട്ടിന് ആണ് ചിത്രത്തില്‍ സൂര്യയുടെ നായികാ കഥാപാത്രമായെത്തുന്നത്. ചിത്രത്തില്‍ സൂര്യ ഒരു സംഗീതജ്ഞനായാണ് പ്രത്യക്ഷപ്പെടുന്നത് എന്നതും ഒരു ആകര്‍ഷണമാണ്. ഗൗതം മേനോനാണ് ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് നവരസ എന്ന ആന്തോളജി ചിത്രത്തിന്റെ നിര്‍മാണം. തുനിന്ത പിന് (കറേജ്), രൗദിരം, എതിരി, സമ്മര്‍ ഓഫ് 92, പീസ്, പായസം, ഇന്മെ, പ്രൊജക്ട് അഗ്നി എന്നിവയാണ് നവരസയില്‍ ഉള്‍പ്പെടുന്ന മറ്റ് ചിത്രങ്ങള്‍.
Story highlights: Aval Parandhu Ponaaley song from Guitar Kambi Mele Nindru