‘സിംഹം എക്കാലത്തും സിംഹം തന്നെ’: ശ്രദ്ധ നേടി കമല്‍ഹാസന്റെ വിക്രം ലുക്ക്

August 12, 2021
Vikram Movie Kamal Haasan new poster

ഉലകനായകന്‍ കമല്‍ഹാസന്‍ പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രം. പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നു. കമല്‍ഹാസന്റെ അഭിനയജീവിതത്തിന്റെ 62-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സിംഹം എന്നും സിംഹം തന്നെയായിരിക്കും എന്ന കുറിപ്പും പോസ്റ്ററിലുണ്ട്. വാളേന്തി പിന്‍തിരിഞ്ഞു നില്‍ക്കുന്ന കമല്‍ഹാസനാണ് പോസ്റ്ററില്‍.

മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും ചിത്രത്തില്‍ കഥാപാത്രമായെത്തുന്നുണ്ട്. ഫഹദും കമല്‍ഹാസനും ആദ്യമായി ഒരു സിനിമയില്‍ ഒരുമിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. വിക്രം എന്ന ചിത്രത്തില്‍ കമല്‍ഹാസനും ഫഹദ് ഫാസിലിനും പുറമെ വിജയ് സേതുപതിയും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് നായകനായെത്തിയ മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

Read more: റാസ്പുടിൻ ചുവടുകളുമായി കുഞ്ഞു ബൈക്കിൽ മീനൂട്ടിയെ കാണാനെത്തിയ ആരാധിക; ഒപ്പം ഒരു സ്നേഹം നിറഞ്ഞ ആലിംഗനവും- വിഡിയോ

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നരേന്‍, അര്‍ജുന്‍ ദാസ് എന്നിവരും വിക്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായഗ്രാഹണം നിര്‍വഹിക്കുന്നത്. നിലവില്‍ വിക്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Story highlights:  Vikram Movie Kamal Haasan new poster