ഇനി ഒടിടി പ്ലാറ്റ്‌ഫോമിൽ കാണാം; ആവേശമായി ‘വിക്രം’ സിനിമയുടെ പുതിയ ടീസർ

June 29, 2022

സിനിമ ആസ്വാദകർക്കിടയിൽ ആവേശത്തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് എത്തിയ ചിത്രമാണ് കമൽ ഹാസൻ ചിത്രം വിക്രം.  ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വിക്രം ജൂണ്‍ 3 മുതലാണ് പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്, ജൂലൈ എട്ട് മുതൽ ഡിസ്‌നി ഹോട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ഇപ്പോഴിതാ പുതിയ ടീസറും പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം പ്രതീക്ഷയ്ക്കപ്പുറമുള്ള വലിയ സർപ്രൈസുകളാണ് പ്രേക്ഷകർക്കായി ഒരുക്കിയിരുന്നത്. ഓരോ താരത്തിനും കൃത്യമായ സ്‌ക്രീൻ സ്‌പേസും കഥാപാത്ര സൃഷ്ടിയിലെ പൂർണതയും സംവിധായകൻ നല്കിയിട്ടുണ്ട്. കമൽഹാസനും വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയനായകൻ ഫഹദ് ഫാസിലും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഒപ്പം അതിഥി വേഷത്തിൽ ചിത്രത്തിൽ സൂര്യയും എത്തിയത് ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി. 

Read also: സ്കൂട്ടർ യാത്രക്കിടെ അപ്രതീക്ഷിതമായി തലയിലേക്ക് തേങ്ങ; ദൃശ്യങ്ങൾ പഠിപ്പിക്കുന്നത് വലിയൊരു പാഠമെന്ന് സോഷ്യൽ മീഡിയ

കമൽ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. അതേസമയം റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ ബോക്സോഫീസ് കളക്ഷൻ 300 കോടിക്ക് മുകളിലായിരുന്നു.  2019 ന് ശേഷം ഒരു തമിഴ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയമാണിത്. തമിഴ് നാട്ടിൽ നിന്നു മാത്രം 127 കോടി വിക്രം ഇതിനകം നേടിയപ്പോൾ ചിത്രത്തിന്റെ കേരളത്തിലെ കളക്ഷൻ 31 കോടിക്ക് മുകളിൽ എത്തിയിരുന്നു.

Story highlights: Vikram’s latest teaser accepts netizens