‘സംതൃപ്തികരമായ ഒരു യാത്ര’- ‘സല്യൂട്ട്’ ടീമിനെ കുറിച്ച് ജേക്സ് ബിജോയ്
മലയാള സിനിമയിലെ ശ്രദ്ധേയരായ സംഗീത സംവിധായകരിൽ ഒരാളാണ് ജേക്സ് ബിജോയ്. ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ എന്ന ചിത്രത്തിനായാണ് ഇപ്പോൾ ജേക്സ് ബിജോയ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.റോഷൻ ആൻഡ്രൂസിനും ദുൽഖറിനും ഒപ്പം പ്രവർത്തിക്കുന്നതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ജേക്സ് ബിജോയ് ഇപ്പോൾ.
‘മൈൻഡ്സ്കോറിലെ ഞങ്ങളുടെ മുഴുവൻ ടീമും കഴിഞ്ഞ ഒരു മാസത്തിലധികമായി സല്യൂട്ടിൽ പ്രവർത്തിക്കുന്നു, ഇത് വളരെയധികം പാഠങ്ങളുള്ള സംതൃപ്തികരമായ യാത്രയാണെന്ന് പറയാം. റോഷൻ ആൻഡ്രൂസ് ചേട്ടന്റെ ക്രഫ്റ്റിനെക്കുറിച്ചുള്ള വ്യക്തതയും അദ്ദേഹത്തിന് സാങ്കേതികവിദഗ്ദ്ധരുടെ മേലുള്ള വിശ്വാസവും ഞങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്തത്… ഞങ്ങൾ സിനിമ മിക്സ് ചെയ്യുന്നതിന്റെ അവസാന ഘട്ടത്തിലാണ്. സംഗീതത്തിന് സിനിമയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സുഗമമാക്കുന്ന ഒരു അത്ഭുതകരമായ പ്രൊഡക്ഷൻ ഹൗസ് ആയതിന് വേഫയർ ഫിലിംസിന് വലിയ നന്ദി. കൂടുതൽ അപ്ഡേറ്റുകൾ ഉടൻ..’- ജേക്സ് ബിജോയ് കുറിക്കുന്നു.
Read More: മലനിരകൾ താണ്ടി പ്രണവും വിസ്മയയും; ശ്രദ്ധനേടി ചിത്രങ്ങൾ
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സല്യൂട്ടി’നു തിരക്കഥയെഴുതിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ്. ദുൽഖർ സൽമാൻ എസ്ഐ അരവിന്ദ് കരുണാകരന്റെ വേഷത്തിലാണ് എത്തുന്നത്. ഒരു പോലീസ് ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ ബോളിവുഡ് നടി ഡയാന പെന്റിയും നായികയായി എത്തുന്നു. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ‘സല്യൂട്ട്’. പ്രശസ്ത അഭിനേതാക്കളായ ലക്ഷ്മി ഗോപാലസ്വാമിയും മനോജ് കെ ജയനും സാനിയ അയ്യപ്പനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story highlights- jakes bijoy about salute movie