ആസ്വാദക ഹൃദയങ്ങളെ പിടിച്ചിരുത്തി ‘തലൈവി’യുടെ നൃത്തം; ട്രെൻഡിങ്ങിൽ ഇടം നേടി ഗാനം

September 10, 2021

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമാണ് തലൈവി.. എ എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുകയാണ്. ജെ ജയലളിതയുടെ സിനിമാ ജീവിതം മുതൽ രാഷ്ട്രീയ ജീവിതം വരെ പങ്കുവയ്ക്കുന്ന ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് നടി കങ്കണ റണൗത്ത് ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. റിലീസ് ചെയ്തത് മുതൽ ട്രെൻഡിങ്ങിൽ ഇടംനേടിയതാണ് ഈ ഗാനം. കങ്കണയുടെ നൃത്തമാണ് പാട്ടിലെ മുഖ്യ ആകർഷണം.

ചിത്രത്തിൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ വേഷത്തിൽ അരവിന്ദ് സ്വാമിയാണ് എത്തുന്നത്. മുൻപ്, ക്വീൻ എന്ന വെബ് സീരിസിലും എം ജി ആറായി വേഷമിട്ടത് അരവിന്ദ് സ്വാമിയായിരുന്നു. നേരത്തെ ഇരുവരും ഒന്നിച്ചുള്ള ഗാനരംഗത്തിന്റെ വിഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. ‘ഉന്‍തന്‍ കണ്‍കളില്‍’ എന്നാരംഭിക്കുന്ന ഗാനരംഗമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചത്.

Read also:ഞാനും സ്കൂളിൽ ഫസ്റ്റ് ആയിരുന്നു: ഷാഫിയെ ചേർത്തുപിടിച്ച് അജു വർഗീസ്, ചിരി നിറച്ച് വിഡിയോ

ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി മൂന്ന് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കൊവിഡ് പ്രതിസന്ധി കാരണം റിലീസ് നീട്ടിയ ചിത്രം ഇന്ന് മുതൽ തിയേറ്ററുകളിലേക്ക് എത്തും.

Story highlights: Kangana Ranaut as Thalaivi- trending song