വിനീത് ശ്രീനിവാസൻ വീട്ട് തടങ്കലിൽ; ചിരിനിറച്ച് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ ഒരുങ്ങുന്നു

October 2, 2021

നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിലൊക്കെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. പ്രേക്ഷകരുടെ പ്രിയങ്കരനായതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുകയാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

നിരവധി ചിത്രങ്ങൾക്ക് ചിത്രസംയോജകനായ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്. ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസൻ എത്തുക. അതേസമയം രസകരമായ പരസ്യത്തിലൂടെയാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പങ്കുവെച്ചത്. ‘വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലില്‍ എന്നായിരുന്നു പരസ്യം. സിനിമ മാധ്യമത്തിലെ ഒരു റിപ്പോര്‍ട്ടായിട്ടായിരുന്നു ഇത് ഷെയര്‍ ചെയ്‍തത്. ഫീല്‍ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചുമുന്നോട്ടു പോയിരുന്ന എളിയ കലാകാരൻ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ വീട്ടില്‍ തടങ്കിലാക്കി എന്ന് റിപ്പോര്‍ട്ടുകള്‍. ഇൻഡസ്‍ട്രിയെ മൊത്തം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്. ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുൻനിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്‍ക്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണ് ഇയാള്‍ എന്നാണ് സിനിമാവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാണ് ചിത്രത്തെക്കുറിച്ച് അണിയറപ്രവർത്തകർ പങ്കുവെച്ചത്. 

അതേസമയം ഈ സംഭവത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞത്- നാളെ വൈകിട്ട് ഏഴിന് ചിത്രത്തിന്റെ അനൗൺസ്‍മെന്റ് പോസ്റ്റര്‍ പുറത്തുവരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിക്ക് വഴങ്ങിക്കൊടുക്കുക എന്നതല്ലാതെ വേറൊരു മാര്‍ഗവും എന്റെ മുന്നിലില്ല. അതുകൊണ്ട് ഈ സിനിമയില്‍ എന്നെ വെച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങള്‍ക്കൊന്നും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍, എല്ലാവരും ദൈവത്ത് ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം.

Read also: ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്നു; ‘അറിയിപ്പ്’ ഉടൻ

അതേസമയം ‘ഹൃദയം’ ആണ് വിനീത് ശ്രീനിവാസന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം. പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്.

 

Story highlights: vineeth sreenivasan film mukundan unni associates