ഇന്ത്യയുടെ ഐതിഹാസിക വിജയഗാഥയുമായി 83- ട്രെയ്‌ലർ

November 30, 2021

കപിൽ ദേവിന്റെ ജീവിതം പങ്കുവയ്ക്കുന്ന ചിത്രമാണ് 83. രൺവീർ സിംഗ് നായകനായി എത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് വിജയം ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 83. അതുകൊണ്ടുതന്നെ ട്രെയിലറിൽ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന്റെ കാഴ്ച്ചകളും ഉണ്ട്.

ഇന്ത്യൻ ടീം മൈതാനത്ത് പതറുന്ന കാഴ്ചയോടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. റിപ്പോർട്ടർമാരിൽ നിന്ന് പരിഹാസം നേരിടുന്ന രൺവീർ സിംഗിന്റെ കഥാപാത്രം ഇവിടെ ജയമുറപ്പിക്കും എന്ന് പ്രഖ്യാപിക്കുന്നു.ടീമിന്റെ അന്നത്തെ മാനേജറായ പിആർ മാൻ സിങ്ങിനെ അവതരിപ്പിക്കുന്നത് പങ്കജ് ത്രിപാഠിയാണ്. ചിത്രത്തിൽ റോമി ദേവായി ദീപിക പദുക്കോൺ ആണ് വേഷമിടുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കപിൽ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി കപില്‍ ദേവാകാനായി രണ്‍വീര്‍ സിംഗ് നടത്തിയ ശ്രമങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. 

Read More: 2021ന്റെ വാക്കായി തെരഞ്ഞെടുക്കപ്പെട്ടത് കൊറോണയും ലോക്ക് ഡൗണുമല്ല!

രണ്‍വീറിനെക്കൂടാതെ ആമി വിര്‍ക്ക്, ഹാര്‍ഡി സന്തു, സക്കീബ് സലീം പങ്കജ് തൃപാദി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.കപില്‍ ദേവ് എന്ന വ്യക്തിയുടെ നിഴലാവാനാണ് താന്‍ ശ്രമിക്കുന്നതെന്നും, അദ്ദേഹത്തെ പിന്തുടരുകയും കഥാപാത്രത്തിന് വേണ്ട എല്ലാം കണ്ട് പഠിക്കുകയും ചെയ്യുമെന്നായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ രൺവീർ അറിയിച്ചത്. ഇതെനിക്ക് ലഭിച്ച ഒരു സുവര്‍ണ്ണാവസരമാണെന്നും പരമാവധി നല്ല രീതിയില്‍ തന്നെ കപിലിനെ വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും റണ്‍വീര്‍ പറഞ്ഞിരുന്നു.

Story highlights- 83 trailer out now