പ്രണയം നിറച്ച് ‘മിഴി മിഴി സ്വകാര്യം..’- അഞ്ചുലക്ഷത്തിലധികം കാഴ്ചക്കാരെ നേടി ‘ക്ഷണം’ സിനിമയിലെ ഗാനം

November 25, 2021

സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ക്ഷണം. ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ഡിസംബർ 10നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മുൻപ് ചിത്രത്തിലെ മനോഹരമായൊരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. അഞ്ചുലക്ഷത്തിലധികം കാഴ്ചക്കാരെ നേടി ഗാനം ഇതിനോടകം ശ്രദ്ധേയമായിരിക്കുകയാണ്.

‘മിഴി മിഴി..’ എന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ബിജിബാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നിഷാദ് കെ കെയും സംഗീത ശ്രീകാന്തും ചേർന്നാണ്. ചലച്ചിത്ര വിദ്യാർഥികളായ ഒരു സംഘം ഡിപ്ലോമ പ്രൊജക്റ്റിന്റെ ഷൂട്ടിന് ലൊക്കേഷൻ തേടി ഒരു മലയോര പ്രദേശത്ത് എത്തുന്നതും അവിടെ അവർക്ക് കാണാൻ കഴിഞ്ഞ വിചിത്ര മനോഷ്യരും അനുഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഗോപി സുന്ദറാണ് ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും ശബ്ദമിശ്രണം വിനോദുംനിർവഹിച്ചിരിക്കുന്നു. ലാൽ, ഭരത്, അജ്മൽ അമീർ, ബൈജു സന്തോഷ്, പുതുമുഖം സ്നേഹ അജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നടി അനു സിതാരയുടെ സഹോദരി അനു സോനാരയും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിക്കുന്നു.

Read More: സർവ്വ സന്നാഹവുമായി വരവറിയിച്ച് മരക്കാർ- ടീസർ

ദിനേശ് ദഷാൻ മൂവി ഫാക്ടറിയുടെ ബാനറിൽ സുരേഷ് ഉണ്ണിത്താനും റോഷൻ പിക്ചേർസിന്റെ ബാനറിൽ റെജി തമ്പിയും സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലൈൻ സിനിമാസാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

Story highlights- mizhi mizhi song from kshanam movie