lakshya

ചിത്രയുടെ ആലാപനം, രഞ്ജിൻ രാജിന്റെ സംഗീതം; ഉള്ളംനിറച്ച് കാവലിലെ ഗാനം

December 5, 2021

ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് സിനിമ ആസ്വാദകർ. നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ ഒരുങ്ങിയ കാവൽ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി തിരിച്ചെത്തുന്നത്. ചിത്രത്തെ ഏറ്റെടുത്ത സിനിമ പ്രേമികൾ സിനിമയിലെ ഗാനങ്ങളെയും ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ കാർമേഘം മൂടുന്നു എന്ന ഗാനത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗായിക ചിത്രയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

Read also: ‘ഷൂട്ടിങ് ആണെന്ന് പോലും മറന്ന് ചുറ്റും നിന്നവരുടെ മുഴുവൻ കണ്ണുകൾ നിറഞ്ഞു’: ഇന്ദ്രൻസിന്റെ അഭിനയമികവിനെക്കുറിച്ച് വിനയൻ

സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവൽ. ചിത്രത്തിൽ സുരേഷ് ഗോപി മാസ് റോളിലാണ് എത്തുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ രഞ്ജി പണിക്കർ, സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്.

അതേസമയം ലോക്ക്ഡൗൺ സമയത്ത് സുരേഷ് ഗോപിയെ നായകനാക്കി മൂന്നു ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. മാത്യൂസ് തോമസ് പ്ലാമ്മൂട്ടിൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം, ജീം ബൂം ബാ സംവിധായകൻ രാഹുൽ രാമചന്ദ്രനൊരുക്കുന്ന ചിത്രം, മേജർ രവി ഒരുക്കുന്ന സുരേഷ് ഗോപി- ആശ ശരത്ത് ചിത്രം എന്നിവയാണ് അണിയറയിൽ താരത്തിന്റേതായി ഒരുങ്ങുന്നത്.

Story highlights; Kaarmekham Moodunnu Singing Chithra