‘ഷൂട്ടിങ് ആണെന്ന് പോലും മറന്ന് ചുറ്റും നിന്നവരുടെ മുഴുവൻ കണ്ണുകൾ നിറഞ്ഞു’: ഇന്ദ്രൻസിന്റെ അഭിനയമികവിനെക്കുറിച്ച് വിനയൻ

December 5, 2021

പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ള താരം ചലച്ചിത്രതാരം ഇന്ദ്രൻസിന്റെ കഥാപാത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുന്നത്. അഭിനയ മികവുകൊണ്ടും ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ടും മലയാളികളുടെ ഇഷ്ടനടനായി മാറിയതാണ് ഇന്ദ്രൻസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ വളരെ ഇഷ്ടത്തോടെയാണ് സിനിമ പ്രേമികൾ സ്വീകരിക്കുന്നതും.

പത്തൊൻപതാം നൂറ്റാണ്ടിൽ അധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. താരം കഥാപാത്രമായി മാറുന്നതുകണ്ടപ്പോൾ ഷൂട്ടിങ് ആണെന്ന് പോലും മറന്ന് ചുറ്റും നിന്നവരുടെ മുഴുവൻ കണ്ണുകൾ നിറഞ്ഞു എന്നാണ് ഇന്ദ്രൻസിന്റെ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ വിനയൻ കുറിച്ചത്.

വിനയന്റെ വാക്കുകൾ…

എന്നെ അതിശയിപ്പിച്ച ഇന്ദ്രൻസ്…..

പത്തൊൻപതാം നൂറ്റാണ്ടിലെ അധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു എന്നു പറഞ്ഞാൽ അതിശയോക്തി ആകില്ല..

മലയാളസിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഒരു ചെറുപ്പക്കാരൻ വർഷങ്ങൾക്കു ശേഷം അന്താരാഷ്ട്ര വേദികളിൽ നമ്മുടെ യശ്ലസ്സുയർത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്ച അഭിമാനത്തോടെ നാം കണ്ടു നിന്നു..

കഴിഞ്ഞ മുപ്പത്തഞ്ചു വർഷമായി സംശുദ്ധനായ ഈ കലാകാരനെ എനിക്കറിയാം.. എൻെറ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തിൽ ആരെയും ചിരിപ്പിക്കുന്ന കോമഡി വേഷമായിരുന്നു ഇന്ദ്രൻസ് ചെയ്തത്.. അതിനു ശേഷം വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന സിനിമയിൽ കലാഭവൻ മണി ചെയ്ത രാമു എന്ന കഥാപാത്രത്തിൻെറ സുഹൃത്തായ ഉണ്ണിബാലനെ ഇന്ദ്രൻസ് അവതരിപ്പിക്കുന്നതു കണ്ടപ്പോൾ വളരെ വ്യത്യസ്ഥമായ, സീരിയസ്സായ കഥാപാത്രങ്ങൾ ഇന്ദ്രനു ചെയ്യാൻ കഴിയുമെന്നു ഞാൻ പറഞ്ഞിരുന്നു.. എങ്കിൽ കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാർ ഉണ്ടാക്കുമോ എന്നെന്നോടു ചോദിച്ച ഇന്ദ്രൻെറ മുഖത്തു തെളിഞ്ഞ അഭിനയത്തോടുള്ള അഭിനിവേശം ഞാനിപ്പഴും ഒാർക്കുന്നു.. എൻെറ കൂടെ അല്ലങ്കിലും ഇന്ദ്രൻസ് ആ സ്വപ്നം സാക്ഷാത്കരിച്ചു..

അഭിനയകലയുടെ നിറുകയിൽ എത്തി.. രാക്ഷസ രാജാവിലെ കൊച്ചു കുട്ടനും, ഊമപ്പെണ്ണിലെ മാധവനും മീരയുടെ ദുഖത്തിലെ ചന്ദ്രനും അത്ഭുതദ്വീപിലെ നേവി ഓഫീസറും ഒക്കെ ആയി എൻെറ പത്തു പതിന്നാലു സിനിമകളിൽ അഭിനയിച്ച ഇന്ദ്രൻസുമായി ഒരു ഇടവേളക്കു ശേഷമാണ് പത്തൊൻപതാം നൂറ്റാണ്ടിൽ സഹകരിക്കാൻ സാധിച്ചത്..

ജാതി വിവേചനത്തിൻെറ ആ പഴയ നാളുകളിൽ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന അധസ്ഥിരിൽ ഒരാളായി ഇന്ദ്രൻസ് ജീവിക്കുന്നതു കണ്ടപ്പോൾ ഷൂട്ടിംങ്ങ് ആണന്നുള്ള കാര്യം പോലും മറന്ന് ചുറ്റും നിന്ന ചലച്ചിത്ര പ്രവർത്തകരുടെ കണ്ണു നിറഞ്ഞു..

വലിയ ക്യാൻവാസിൽ ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചരിത്ര സിനിമയിൽ മണ്ണിൻെറ മണമുള്ള ജീവിതഗന്ധിയായ കഥയും കഥാ പാത്രങ്ങളുമാണ് ഉള്ളത്.. അക്കാര്യത്തിൽ ഒട്ടും കോംപ്രമൈസ് ചെയ്തിട്ടില്ല ഞങ്ങൾ… ഇന്ദ്രൻസിനെ പോലുള്ള അഭിനേതാക്കൾ ആ ഉദ്യമത്തിനെ ഏറെ സഹായിച്ചു. വിനയൻ കുറച്ചു.

അതേസമയം ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്. വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ അദ്ദേഹത്തിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Story highlights; Vinayan words about Indrans