സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച ഫൈറ്റ് സീൻ; യുട്യൂബിലും ശ്രദ്ധനേടി മാനാട് ചിത്രത്തിലെ രംഗങ്ങൾ

December 5, 2021

തമിഴകത്തിന്റെ പ്രിയതാരം സിമ്പു കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് മാനാട്. തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടിയ ചിത്രം സിമ്പുവിന്റെ തിരിച്ചുവരവായാണ് പ്രേക്ഷകർ സ്വീകരിച്ചത്. വെങ്കട് പ്രഭു സംവിധാനം നിര്‍വഹിക്കുന്ന ചിത്രം സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഒരുക്കിയത്. തിയേറ്ററുകളിൽ ഏറെ ആവേശം സൃഷ്ടിച്ച ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്റെ വിഡിയോയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച ഈ സീൻ യുട്യൂബിലും ഏറെ ശ്രദ്ധനേടുന്നുണ്ട്. സ്റ്റണ്ട് സില്‍വയായിരുന്നു ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍.

ചിത്രത്തിൽ സിമ്പുവിനൊപ്പം മലയാളി താരം കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയ താരങ്ങളും അണിനിരക്കുന്ന മാനാട് മലയാളത്തിലും പ്രേക്ഷകരിലേക്കെത്തിയിരുന്നു. അതേസമയം മെഹര്‍സില… എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷക പ്രീതി നേടിയതാണ്. ഗാനം ആലപിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയും റിസ്വാനും രാജഭാവതരിനിയും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജതന്നെയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍. പൊളിറ്റിക്കൽ ടൈം ലൂപ്പ് ത്രില്ലറായാണ് ചിത്രം എത്തിയത്.

Read also; ‘ഷൂട്ടിങ് ആണെന്ന് പോലും മറന്ന് ചുറ്റും നിന്നവരുടെ മുഴുവൻ കണ്ണുകൾ നിറഞ്ഞു’: ഇന്ദ്രൻസിന്റെ അഭിനയമികവിനെക്കുറിച്ച് വിനയൻ

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് സിമ്പു. വിണ്ണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിമ്പു- ഗൗതം മേനോന്‍- എ ആര്‍ റഹ്‌മാന്‍ എന്നിവര്‍ ഒരുമിക്കുന്ന ഒരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വെന്ത് തനിന്തത് കാട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വേല്‍സ് ഫിലിം ഇന്റര്‍നാഷ്ണല്‍ ആണ് നിര്‍മാണം.

Story highlights: Single Shot Bottle Fight Maanaadu Movie