പറക്കാൻ പഠിക്കുന്ന മിന്നൽ മുരളി- രണ്ടാം ഭാഗത്തിന് സൂചന നൽകി ടൊവിനോ തോമസ് പങ്കുവെച്ച വിഡിയോ

December 27, 2021

ആഗോളതലത്തിൽ വൻതോതിൽ ലാഭം കൊയ്യുന്ന ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്നത് അടുത്ത കാലം വരെ ഒരു വലിയ ചോദ്യമായിരുന്നു. തെലുങ്ക് സംവിധായകൻ എസ് എസ് രാജമൗലി ‘ബാഹുബലി’ ചിത്രങ്ങളിലൂടെ അതിന് കൃത്യമായ ഉത്തരം നൽകി. ഈ ചിത്രം ഇന്ത്യൻ സംവിധായകർക്ക് പകർന്ന ഊർജം ചെറുതല്ല. ഇപ്പോഴിതാ, ഇന്ത്യയിലെ ആദ്യത്തെ മികച്ച സൂപ്പർഹീറോ ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത് കേരളമാണ്. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

നായകനും, വില്ലനും സിനിമയിലെ സ്ഥലപ്പേരുകൾ പോലും ചർച്ചയായി മാറുന്ന സിനിമ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് ടൊവിനോ തോമസ്. പറക്കാൻ പഠിക്കുന്ന മിന്നൽ മുരളി എന്ന ക്യാപ്ഷനൊപ്പമാണ് ടൊവിനോ രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വിവിധ ഭാഷകളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More: നിർമാതാവായി ദുൽഖർ സൽമാൻ; ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ ജനുവരി 28ന് തിയേറ്ററുകളിലേക്ക്

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Story highlights- tovino thomas sharing minnal murali special workout video