ദിവ്യ ഉണ്ണിക്കൊപ്പം ചുവടുവെച്ച് മേഘ്‌നയും മിയയും- വിഡിയോ

January 3, 2022

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ ഉണ്ണി വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ദിവ്യ ഉണ്ണി ഏറെനാളുകൾക്ക് ശേഷം ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെയാണ് ദിവ്യ ഉണ്ണി പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയത്.

പാട്ടുവേദിയിൽ പുതുവർഷ എപ്പിസോഡിൽ എത്തിയ ദിവ്യ ഉണ്ണിക്ക് ഒട്ടേറെ സർപ്രൈസുകൾ ഒരുക്കിയിരുന്നു. ഏറെനാളായി പാട്ടുവേദിയിലെ കുരുന്നു പ്രതിഭകളെ കാണാൻ കാത്തിരുന്ന ദിവ്യ ഉണ്ണിയെ അമ്പരപ്പിക്കുന്ന വിശേഷങ്ങളായിരുന്നു മിയയും മേഘ്‌നയും പങ്കുവെച്ചത്. ഇരുവർക്കുമൊപ്പം ചുവടുവയ്ക്കാനും നടി മറന്നില്ല. ദിവ്യ ഉണ്ണിക്കൊപ്പം നൃത്തം ചെയ്യണം എന്ന ആവശ്യവുമായി എത്തിയ ഇരുവരെയും സ്നേഹത്തോടെ ചേർത്ത് നിർത്തി ചുവടുവയ്ക്കുകയായിരുന്നു നടി.

Read Also: ജയിൽപുള്ളിയായി ദേവ് മോഹൻ; ‘പുള്ളി’ റിലീസിന് ഒരുങ്ങുന്നു

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- mekhna and miah mehak dancing with divya unni