സേതുരാമയ്യർ ആദ്യമായി കേസ് ഡയറി തുറന്ന ദിവസം- ഓർമയിൽ സംവിധായകൻ

February 19, 2022

മലയാളി സിനിമ ആസ്വാദകരുടെ എക്കാലത്തെയും ഇഷ്ടചിത്രങ്ങളാണ് മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾ. അത്തരത്തിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് സേതുരാമയ്യരായി മമ്മൂട്ടി എത്തിയ സിബിഐ പരമ്പരകൾ. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുമ്പോൾ, ചിത്രം ആദ്യമായി പുറത്തിറങ്ങിയതിന്റെ വാർഷികം ആഘോഷിക്കുകയാണ് അണിയറപ്രവർത്തകർ. സിബിഐ പരമ്പരയിലെ ആദ്യം ചിത്രം പുറത്തിറങ്ങി 34 വർഷം കഴിയുമ്പോൾ ആദ്യ ചിത്രത്തിന്റെ ഓർമകൾ പങ്കുവയ്ക്കുന്ന സംവിധായകന്റെ കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

കെ മധു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്: ‘സേതുരാമയ്യർ തൻറെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് സി.ബി.ഐ. പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിൻറെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു. ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നിൽക്കുന്നു.

പിന്നെയും ഈശ്വരൻ തൻറെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സി.ബി.ഐ. പരമ്പരയിൽ നിന്നും മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങൾ പിന്നീട്‌ ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്.

ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌.എൻ. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം,സി.ബി.ഐ. അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ.സ്വർഗ്ഗചിത്ര അപ്പച്ചൻ, സി.ബി.ഐ. ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ,ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ് , D.O.P.അഖിൽ ജോർജ്ജ്,ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ,ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്.. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു.

എല്ലാറ്റിനുമുപരി ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എൻറെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം. കൃഷ്ണൻ നായർ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു.വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്‌ സ്നേഹാദരങ്ങളോടെ,
കെ.മധു.


Story highlights: 34 years of Cbi diary kurupp