ലോക ഫുട്ബോളിലെ രാജാവിന്റെയും സുൽത്താന്റെയും പിറന്നാൾ….

February 5, 2022

ലോക ഫുട്ബോളിന്റെ ചരിത്ര ഭൂമികയിൽ മറ്റാരാലും തകർക്കപ്പെടാനാകാത്തത്ര രാജകീയമായ സിംഹാസനത്തിൽ രാജാവായി കാലങ്ങളോളം അവരോധിക്കപ്പെട്ടവന്റെ പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന CR7. തൻറെ പേരുപോലും ലോകത്തേറ്റവും വിലപിടിപ്പുള്ള ബ്രാൻഡാക്കി മാറ്റിയവൻ.. ഫുട്ബോൾ മൈതാനത്തും പുറത്തും തന്റെ കരിയറിന്റെ തുടക്കത്തിലും പിന്നീടും തോൽവിയുടെ ഗാഗുൽത്താ മലകയറ്റങ്ങൾ സംഭവിച്ചപ്പോളെല്ലാം പോരാട്ട വീര്യത്തിന്റെ മറു പേരായി മാറി വലിയ ഉയർത്തെഴുന്നേൽപ്പുകൾ നടത്തിയവർ. അങ്ങനെ വിശേഷണങ്ങൾ കൊണ്ട് എവറസ്റ്റ് കൊടുമുടി പണിയുവാൻ മാത്രം വലിപ്പമുള്ളവനാണ് ക്രിസ്റ്റ്യാനോ.. ഇന്ന് അവന്റെ പിറന്നാളാണ് 37- ആം പിറന്നാൾ…

കളി നിർത്തി വീട്ടിലിരിക്കേണ്ട അല്ലെങ്കിൽ യുറോപ്പിയൻ കളിയിടങ്ങൾ വിട്ട് ചൈനയിലേക്കോ അമേരിക്കൽ സോക്കർ ലീഗിലെക്കോ ചേക്കേറണ്ട പ്രായമെന്ന് വിളിക്കാവുന്ന പ്രായത്തിലും അവൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പന്ത് തട്ടുകയാണ്. അതും കാൽപന്ത് കളിയുടെ പുതിയ വിസ്മയങ്ങൾ തീർത്തുതന്നെ.

പ്രായം ഒരൽപം മാറി ചമ്മി നിൽക്കുകയാണ് CR7 ന്റെ മുന്നിൽ. തുടർച്ചയായി കാൽപന്ത് ലോകത്തെ രാജാവായി നിലനിൽക്കണമെങ്കിൽ അതത്ര എളുപ്പമുള്ള കാര്യമല്ലന്ന് മറ്റാരെക്കാളേറെ അറിയാവുന്നത് കൊണ്ട് തന്നെ അവനെപ്പോളും കഠിനമായി അധ്വാനിക്കുകയാണ് ഇനി ഫുട്ബോളിനെ പ്രണയിക്കാനെത്തുന്നവർക്കും പ്രണയാർദ്രമായി ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നവർക്കും മാതൃകയായി. ഈ അടുത്ത് പ്രഖ്യാപിച്ച് ‘ഫിഫ ദി ബെസ്റ്റിന്റെ’ പുരസ്‌കാര വേദിയിൽ ഇന്റർനാഷണൽ കരിയറിൽ രാജ്യത്തിനായി എറ്റവും കൂടുതൽ ഗോൾ നേടിയതിന് പ്രത്യേക പുരസ്കാരം നൽകിയവൻ ആദരിക്കപ്പെട്ടു, ലോകത്തിന്റെ നിറുകയിലേക്ക് ഒരിക്കൽ കൂടി ഉയർത്തപ്പെട്ട ആ നിമിഷം ക്രിസ്റ്റ്യാനോയ്ക്ക് ലോകം നൽകിയ പിറന്നാൾ സമ്മാനമായി കാണാം.. വീണ്ടും ലോകത്തിന്റെ നിറുകയിൽ ഉയർന്ന് തന്നെ നിൽക്കാൻ. CR7 നീ മികവാർന്നൊരു നേതാവാണ് ലോകം വാഴ്ത്തുന്ന പ്രതിഭകൾ അത്രയൊന്നുമില്ലാത്ത പോർചുഗലിനെ നീ മുന്നിൽ നിന്ന് നയിച്ച് നേടികൊടുത്ത വിജയങ്ങൾ ഒരുപാടാണ്. ജീവനുള്ളയിടത്തോളം കാലം നിന്റെ യൂറോ കപ്പ് വിജയം ഞങ്ങൾ മറക്കില്ല…. ഹാപ്പി പിറന്നാൾ CR7… ഉന്മാദത്തിന്റെ അതിരില്ലാത്ത ആകാശത്തിലേക്ക് ഞങ്ങളെ നീ ഫുട്ബോൾ കൊണ്ടെത്തിക്കുന്നതിന്, ഇനിയും ഞങ്ങളെ ആനന്ദിപ്പിക്കുമെന്ന് കളി മികവുകൊണ്ട് ഉറപ്പുനൽകുന്നതിന്…

ലോക ഫുട്ബാളിന്റെ രാജാവിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന മറ്റൊരാളുണ്ട്, അവൻ സുൽത്താനാണ്… ഫുട്ബോളിന്റെ സുൽത്താൻ. പ്രതിഭാ ധാരാളിത്തം എന്ന പദം കൃത്യമായി ചേരുന്ന ബ്രസീലിയൻ ഫുട്ബോളിലെ ഇപ്പോളത്തെ സൂപ്പർ ഹീറോ. മുൻഗാമികൾക്കൊപ്പം തന്ന വളർന്ന പ്രതിഭ. പരിക്കിന്റെ പിടിയിൽ പലപ്പോഴായി വീണു പോയിട്ടും തിരിച്ച് വരവെന്നത് ശീലമാക്കിമാറ്റിയവൻ. അത്രമേൽ പ്രാന്തമായ ഫുട്ബോളിന്റെ കളിയിടത്ത് ബ്രസീൽ സൃഷ്ടിച്ച അഴകുള്ള വസന്തത്തിന്റെ പ്രവാചകനാകുന്ന നെയ്മർ.

Read also: ലോകകപ്പ് ഫുട്‍ബോൾ സ്റ്റേഡിയത്തിനായി ചേർത്തുവെച്ച 974 ഷിപ്പിങ് കണ്ടെയ്‌നറുകൾ; മാതൃകയായി നിർമിതി

കളിക്കളത്തിനകത്തും പുറത്തും സുന്ദരമായ സൗഹൃദത്തിന്റെ ഉടമകൂടിയാണ് നെയ്മർ, അതുകൊണ്ടുകൂടിയാകാം നിന്നിലെ കളി മികവികവിനോട് ഞങ്ങൾ അത്രമേൽ കൂട്ടുകൂടുന്നത്. ക്രിസ്റ്റ്യാനോയെ പോലെ തന്നെ നെയ്മറും കാലത്തിലെ മികവുറ്റ നേതാവാണ്, തോൽവിയിൽ സഹ താരങ്ങളെ ചേർത്ത് പിടിക്കുകയും വിജയത്തിന്റെ ആഹ്ളാദം ചിരിയിലും കണ്ണീരുമുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്തവൻ. ആധുനിക ഫുട്ബോളിൽ നിന്നോളും പരുക്കനടവുകൾക്ക് വിധേയനായിട്ടുള്ളവൻ വേറെയില്ല. അത് നിന്റെ കളി മികവിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഹാപ്പി പിറന്നാൾ നെയ്മർ.

Story highlights: Happy Birthday Cristiano Ronaldo and Neymar- two greatest footballers in the world