ലോകകപ്പ് ഫുട്‍ബോൾ സ്റ്റേഡിയത്തിനായി ചേർത്തുവെച്ച 974 ഷിപ്പിങ് കണ്ടെയ്‌നറുകൾ; മാതൃകയായി നിർമിതി

February 2, 2022

ലോകകപ്പ് ആവേശം അലയടിക്കുന്ന ഖത്തറിലെ മുഖ്യാകർഷണമാകുകയാണ് ഇവിടെ ഒരുങ്ങിയ ഒരു ഫുട്‍ബോൾ സ്റ്റേഡിയം. 2022 ലെ ലോകകപ്പ് മാമാങ്കത്തിനായി ഒരുങ്ങുന്ന ഖത്തറിൽ എട്ടോളം സ്റ്റേഡിയങ്ങളാണ് തയാറായിക്കൊണ്ടിരിക്കുന്നത്. അതിൽ കാണികളുടെ മുഴുവൻ ശ്രദ്ധയാകർഷിക്കുന്നത് സ്റ്റേഡിയം 974 ആണ്. ലോകത്തിന് മുഴുവൻ മാതൃകയാക്കാവുന്ന രീതിയിലാണ് ഈ സ്റ്റേഡിയം ഒരുങ്ങിയിരിക്കുന്നത്. ഷിപ്പിങ് കണ്ടെയ്‌നറുകൾ കൊണ്ടാണ് ഈ സ്റ്റേഡിയത്തിന്റെ നിർമാണം. അതും ഒന്നും രണ്ടുമല്ല 974 ഷിപ്പുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 974 കണ്ടെയ്‌നറുകൾ ഉപയോഗിച്ചതുകൊണ്ടാണ് ഈ സ്റ്റേഡിയത്തിന് ‘സ്റ്റേഡിയം 974’ എന്ന പേര് വന്നതും.

സ്റ്റേഡിയത്തിലെ എക്സ്റ്റീരിയർ വാളുകൾ നിർമ്മിക്കുന്നതിനായാണ് ഈ കണ്ടെയ്‌നറുകൾ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പുറമെ അടിസ്ഥാന സൗകര്യങ്ങളായ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കും ഈ കണ്ടെയ്‌നറുകൾ ഉപയോഗിച്ചിട്ടുണ്ട്. ഒരു സ്പാനിഷ് ആർകിടെക്ച്ചർ കമ്പനിയായ ഫെൻ വിക്ക് ഇരിബാരൻ ആണ് ഈ നിർമിതിയ്ക്ക് പിന്നിൽ. അതേസമയം ലീഗോ ബ്രിക്കുകൾ കൊണ്ടുള്ള ടോയ് കെട്ടിടത്തിന്റെ ആശയത്തിൽ നിന്നുമാണ് ഈ ഐഡിയ ഉയർന്നത്.

Read also: വഴിയരികിൽ ഇഡ്ഡലിയും ദോശയും വിൽക്കുന്ന അമ്മയുടെ വിഡിയോയ്ക്ക് 50 ലക്ഷത്തിലധികം കാഴ്ചക്കാർ, പിന്നിൽ….

വളരെ ചിലവ് കുറഞ്ഞ രീതിയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന സാധന സമഗ്രഹികൾ ഉപയോഗിച്ചാണ് ഈ സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത്. അതിന് പുറമെ പുനഃരുപയോഗത്തിനും സാധ്യതയുള്ള വസ്തുക്കളാണ് ഇവിടെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഈ സ്റ്റേഡിയത്തിന്റെ ചിത്രങ്ങൾക്കും ആശയത്തിനും വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിന് മുഴുവൻ മാതൃകയാക്കുന്നതാണ് ഈ നിർമാണം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Story highlights: football stadium with shipping container