ബ്രസീല്‍- അര്‍ജന്റീന പോരാട്ടം വീണ്ടും; തടസ്സപ്പെട്ട മത്സരം വീണ്ടും നടത്താൻ തീരുമാനം

February 15, 2022

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീമുകളാണ് ബ്രസീലും അർജന്റീനയും. ലാറ്റിനമേരിക്കൻ കാൽപന്തുകളിയുടെ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ട് ഗ്രൗണ്ടിലിറങ്ങുന്ന ഇരുടീമുകൾക്കും ഇങ്ങ് കേരളത്തിലും വലിയ ആരാധകവൃന്ദമാണുള്ളത്. ഇരുടീമുകളും ഏറ്റവും അവസാനം ഏറ്റുമുട്ടിയത് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരത്തിലായിരുന്നു. സെപ്റ്റംബറില്‍ സാവോപോളോയില്‍ നടന്ന മത്സരം, കൊവിഡ് ചട്ടലംഘനം ചൂണ്ടിക്കാട്ടി ബ്രസീലിയന്‍ ആരോഗ്യവകുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ തടസപ്പെട്ട ബ്രസീല്‍ അര്‍ജന്റീന മത്സരം വീണ്ടും നടത്താനാണ് തീരുമാനമായിരിക്കുന്നത്.

ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുകയും യാത്രാവിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നാല് അര്‍ജന്റൈന്‍ താരങ്ങളെ സെപ്റ്റംബറിൽ വിലക്കുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ (EPL) കളിക്കുന്ന എമിലിയാനോ ബുവേണ്ടിയ, എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലൊ സെല്‍സോ, ക്രിസ്റ്റിയന്‍ റൊമേറൊ എന്നിവരെയാണ് വിലക്കിയത്. നേരത്തെ മത്സരനടത്തിപ്പുമായി ബന്ധപ്പെട്ട ഫിഫ ചട്ടങ്ങള്‍ ലംഘിച്ചതിന് അര്‍ജന്റീനിയൻ ഫുട്‌ബോള്‍ അസോസിയേഷന് 2,70,000 ഡോളറും ബ്രസീലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന് 6 ലക്ഷം ഡോളറും പിഴ ചുമത്തിയിരുന്നു.

മത്സരം എന്ന് നടത്തുമെന്നോ പുതിയ വേദിയേതെന്നോ ഫിഫ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം മത്സരം നടക്കാനാണ് സാധ്യത. ബ്രസീലും അര്‍ജന്റീനയും നേരത്തെ തന്നെ ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ബാക്കിയുള്ള ടീമുകളെല്ലാം 16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബ്രസീലും അര്‍ജന്റീനയും 15 മത്സരങ്ങളാണ് കളിച്ചത്. 39 പോയിന്റുമായി ബ്രസീൽ ഒന്നാമതും 35 പോയിന്റോടെ അര്‍ജന്റീന രണ്ടാമതുമാണുള്ളത്. ലോകകപ്പ് യോഗ്യതയില്‍ ദക്ഷിണ അമേരിക്ക മേഖലയില്‍ തോല്‍വി അറിയാത്ത രണ്ട് ടീമുകള്‍ അര്‍ജന്റീനയും ബ്രസീലുമാണ്.

Read More: ‘തലമുറകളെ പ്രചോദിപ്പിച്ചതിന് തിരുമേനിക്ക് നന്ദി’- കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് നന്ദി പറഞ്ഞ് ഹേഷാം അബ്ദുൾ വഹാബ്

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം അര്ജന്റീനയ്‌ക്കൊപ്പമായിരുന്നു. ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ.

Story Highlights: Brazil-Argentina Rematch