ചെൽസി ഇനി ലോകചാമ്പ്യൻസ്; ആദ്യ ക്ലബ് ലോകകപ്പ് നേടി യൂറോപ്യൻ ചാമ്പ്യൻസ്

February 13, 2022

ആവേശകരമായ ഫൈനൽ മത്സരത്തിൽ ബ്രസീല്‍ ക്ലബ്ബ് പാല്‍മിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ആദ്യ ക്ലബ് ലോകകിരീടം നേടി ഇംഗ്ലീഷ് ക്ലബ് ചെൽസി. ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തിൽ എക്സ്ട്രാ ടൈമിലെ പെനാൽറ്റിയിലൂടെയാണ് ചെൽസിയുടെ വിജയ ഗോൾ പിറന്നത്.

അബുദാബിയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയില്‍ തുടർച്ചയായി ചെൽസി ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയ പാല്‍മിറാസിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും പലതും ഗോളാക്കിയെടുക്കാന്‍ സാധിച്ചില്ല. ചെൽസിയുടെ കൌണ്ടര്‍ അറ്റാക്കിനും വേണ്ടത്ര ആവേശം ഇല്ലാതായതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ ഉണര്‍ന്നുകളിച്ച ചെൽസിയാണ് ആദ്യ ലീഡ് സ്വന്തമാക്കിയത്. മികച്ച നീക്കത്തിനൊടുവിൽ ഓഡോയിയുടെ ക്രോസിൽ നിന്ന് റൊമേലു ലുകാക്കുവിലൂടെയാണ് ചെൽസിയുടെ ആദ്യ ഗോൾ പിറന്നത്.

പക്ഷെ ആ ലീഡിന് അധികം ആയുസുണ്ടായില്ല.62 ആം മിനുട്ടിൽ തിയാഗോ സിൽവയുടെ ഹാൻഡ് ബോളിന് റഫറി പാൽമിറാസിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാഫേൽ വെയ്‌ഗ കൃത്യമായി പന്ത് വലയിലെത്തിച്ച് സ്കോർ 1-1 എന്ന നിലയിലെത്തിച്ചു. മുഴുവന്‍ സമയത്തും ഇരുടീമുകളും സമനിലയിൽ നിന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.

Read More: 60- ആം വയസിൽ മോഡലായി മമ്മിക്ക, ഇത് ജീവിതം മാറ്റിമറിച്ച മേക്കോവറിന്റെ കഥ

പക്ഷെ എക്സ്ട്രാ ടൈമിൽ ചെൽസിയെ പിടിച്ചുകെട്ടുന്നതില്‍ പാൽമിറാസിന് പിഴച്ചു. സമയം തീരാന്‍ അഞ്ച് മിനുട്ട് മാത്രം ബാക്കിനില്‍ക്കെ ചെൽസിക്ക് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത ഹാവേർട്‌സ് ലക്ഷ്യം നേടി. ഒരു പിഴവും വരുത്താതെ പന്ത് പാല്‍മിറാസിന്‍റെ വലയില്‍ എത്തിയതോട് കൂടി ചെൽസി ആദ്യ ക്ലബ് ലോകകപ്പ് കിരീടം എന്ന നേട്ടം സ്വന്തമാക്കി.

Story Highlights: Chelsea wins their first Club World Cup