ഫിനിഷറെന്ന നിലയിൽ ധോണിക്ക് സമം ധോണി മാത്രമെന്ന് അശ്വിൻ; സമ്മര്‍ദ്ദഘട്ടങ്ങളില്‍ സമാനതകളില്ലാത്ത പ്രകടനം

February 12, 2022

ആധുനിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായാണ് ഇന്ത്യൻ സൂപ്പർതാരം രവിചന്ദ്രൻ അശ്വിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. കഴിഞ്ഞ മാസം ഹർഭജൻ സിങ്ങിനെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററായി മാറിയതടക്കം സമാനതകളില്ലാത്ത പ്രകടനമാണ് അശ്വിൻ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ മുൻ ഇന്ത്യൻ ക്യാപ്റ്റനും ഐപിഎൽ ടീമായ ചെന്നൈ സൂപ്പർകിങ്സിന്റെ നായകനും കൂടിയായ എം. എസ്. ധോണിയുടെ ഫിനിഷിങ് മികവിനെ പറ്റി അശ്വിൻ പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമാവുന്നത്.

വര്‍ഷങ്ങളായി ചെന്നൈ സൂപ്പര്‍ കിങ്‌സിന് എം. എസ്. ധോണിയുടെ ക്യാപ്റ്റന്‍സി മികവ് പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഫിനിഷിങ് മികവുമെന്നായിരുന്നു അശ്വിൻ അഭിപ്രായപ്പെട്ടത്. ധോണിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് ധാരാളമായി പറഞ്ഞ് കേള്‍ക്കാറുണ്ടെങ്കിലും പ്രതിസന്ധിഘട്ടങ്ങളില്‍ മത്സരം ഫിനിഷ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ച് അധികം പറഞ്ഞു കേള്‍ക്കാറില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പായി തന്റെ യൂട്യൂബ് ചാനലില്‍ സംഘടിപ്പിച്ച ഒരു ഷോയില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

Read More: നീനയെ മേജർ പ്രൊപ്പോസ് ചെയ്തപ്പോൾ; ‘വരനെ ആവശ്യമുണ്ട്’ സിനിമയിലെ ആ രംഗം പിറന്നതിങ്ങനെ

ഐപിഎലിൽ മികച്ച റെക്കോർഡുള്ള നായകന്മാരില്‍ ഒരാളാണ് ധോണി. കഴിഞ്ഞ സീസണിലെ കിരീട നേട്ടം ഉള്‍പ്പെടെ നാല് കിരീടങ്ങളിലേക്കാണ് സൂപ്പര്‍ കിങ്‌സിനെ ധോണി നയിച്ചത്. വര്‍ഷങ്ങളായി സൂപ്പര്‍ കിങ്‌സിനെ മികച്ച രീതിയില്‍ നയിക്കുന്ന അദ്ദേഹം അവരെ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും സ്ഥിരതയുള്ള ടീമാക്കി മാറ്റി. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മത്സരം രക്ഷിച്ചെടുക്കാന്‍ തക്ക ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ധോണിയുടെ മികവ് ഏറെ തവണ സൂപ്പര്‍ കിങ്‌സിന്റെ മനോവീര്യമുയര്‍ത്തിയിട്ടുള്ളതായും മുന്‍ ചെന്നൈ ടീം അംഗം കൂടിയായ അശ്വിന്‍ വ്യക്തമാക്കി.

Story Highlights: Dhoni is the best finisher according to Ashwin