ഇതിഹാസങ്ങൾക്കൊപ്പം; സിബിഐ അഞ്ചാം ഭാഗത്തിൽ കനിഹയും

February 8, 2022

മലയാളികൾ വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘സിബിഐ 5’. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ‘സിബിഐ 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ താൻ ഒരു പ്രധാന വേഷം ചെയ്യുമെന്ന് നടി കനിഹ ഇപ്പോഴിതാ, ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു.

സംവിധായകൻ കെ മധുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച കനിഹ, ഇതിഹാസങ്ങളായ കെ മധുവിനും എസ്എൻ സ്വാമിക്കുമൊപ്പം പ്രവർത്തിക്കാൻ ആവേശമുണ്ടെന്ന് പങ്കുവെച്ചു. ‘ഇതിഹാസങ്ങളായ കെ മധു സാറിനും എസ്എൻ സ്വാമിക്കുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ‘സിബിഐ 5’ ടീമിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെ പ്രിയപ്പെട്ട അഭിനേതാക്കളുമായി വീണ്ടും സ്‌ക്രീൻ പങ്കിടാൻ കാത്തിരിക്കാനാവില്ല. 2022, ഞാൻ ഇതിനകം നിന്നെ സ്നേഹിക്കുന്നു’.-നടി കുറിക്കുന്നു.

മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഹിറ്റായ ഒരു സിനിമ പരമ്പരയാണ് സി ബി ഐ. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്.

സേതുരാമയ്യര്‍ ചലച്ചിത്ര പരമ്പരയിലെ അഞ്ചാം ഭാഗമായിരിക്കും ഈ ചിത്രം. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിബിഐ പരമ്പരയിലെ മറ്റ് നാല് ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയത് ശ്യാം ആണ്.

പ്രേക്ഷകര്‍ക്ക് അപരിചിതമായ ബാസ്‌കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും അന്വേഷണവുമൊക്കെ പ്രമേയമാക്കിയാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ടാണ് എസ് എന്‍ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതും.

Read Also: ‘ഇനിയുള്ള വർഷങ്ങളിലും സജി എനിക്ക് വളരെ പ്രിയപ്പെട്ടവനായി തുടരും’- ഹൃദയംതൊടുന്ന കുറിപ്പുമായി സൗബിൻ ഷാഹിർ

1988-ലാണ് സേതുരാമയ്യര്‍ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. തുടര്‍ന്ന് 1989 ല്‍ ജാഗ്രത എന്ന ചിത്രം തിയേറ്ററുകളിലെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005-ല്‍ നേരറിയാന്‍ സിബിഐയും വെള്ളിത്തിരയിലെത്തി. ഈ ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകരും.

Story highlights- Kaniha joins the cast of Mammootty’s ‘CBI5’