കോലിയുടെ സെഞ്ചുറിക്കായി പാകിസ്ഥാനിൽ ഒരു കാത്തിരിപ്പ്; വൈറലായി പാകിസ്ഥാനിൽ നിന്നുള്ള കോലി ആരാധകന്റെ ചിത്രം

February 22, 2022

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണ് മുൻ നായകൻ കൂടിയായ വിരാട് കോലി. ഇന്ത്യയ്ക്കകത്തും പുറത്തുമായി വലിയ ആരാധകവൃന്ദമുള്ള ക്രിക്കറ്റ് താരം കൂടിയാണ് കോലി. അടുത്തിടെ ബാറ്റിംഗിൽ ചെറുതായി ഫോം നഷ്ടപെട്ട കോലിയുടെ മികച്ച ബാറ്റിംഗ് പ്രകടനത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകർ. 2019 നവംബറിലായിരുന്നു കോലിയുടെ അവസാന രാജ്യാന്തര സെഞ്ചുറി. ടെസ്റ്റിലും ഏകദിനത്തിലുമായി 70 സെഞ്ചുറികള്‍ സ്വന്തം പേരിലുള്ള കോലിയുടെ സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് നീളുന്നതിനിടെ അങ്ങ് പാക്കിസ്ഥാനില്‍ നിന്നൊരു ആരാധകന്‍റെ സന്ദേശം ഇന്ത്യന്‍ ആരാധകരുടെയും ഹൃദയം കവരുന്നതായി.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ കോലിയുടെ ചിത്രവുമായി നില്‍ക്കുന്ന ലാഹോര്‍ സ്വദേശിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. കോലി ബാറ്റ് ചെയ്യുന്ന പോസ്റ്ററിന് താഴെ താങ്കള്‍ പാക്കിസ്ഥാനില്‍ സെഞ്ചുറി നേടുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നെഴുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ആരോ സ്നേഹം വിടര്‍ത്തുന്നു എന്നാണ് ചിത്രം പങ്കുവെച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ ഒരു ദശകമായി നിലച്ചതിനാല്‍ സീനിയര്‍ തലത്തില്‍ ഇതുവരെ പാക്കിസ്ഥാനില്‍ കളിക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ കോലിക്ക് പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാനായിരുന്നില്ല.

Read More: തല ചായ്ക്കാൻ വിശാലമായൊരു ചുമല്; പൊള്ളാർഡിന്റെയും സൂര്യകുമാർ യാദവിന്റെയും സൗഹൃദം ഏറ്റെടുത്ത് ആരാധകർ

ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിലും തിളങ്ങാതിരുന്ന കോലി പക്ഷെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. രണ്ടാം ടി 20യും ജയിച്ച് പരമ്പര നേടിയതിന് പിന്നാലെ കോലിക്ക് ബിസിസിഐ 10 ദിവസത്തെ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ശ്രീലങ്കക്കെതിരായ ടി 20 പരമ്പരയിലും കോലി കളിക്കില്ല. അടുത്തമാസം ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാവും കോലി ഇനി കളിക്കുക. തന്‍റെ നൂറാമത്തെ ടെസ്റ്റിനാണ് കോലി ശ്രീലങ്കക്കെതിരെ ഇറങ്ങുന്നത്.

Story Highlights: Kohli fan from pakisthan