നൃത്ത ചുവടുകളുമായി മഞ്ജു വാര്യർ, ‘ആയിഷ’ ഒരുങ്ങുന്നു; ഏഴ് ഭാഷകളിലും ശ്രദ്ധനേടി സിനിമയുടെ പോസ്റ്റർ

February 19, 2022

കേരളക്കരയിലെ സിനിമ ആസ്വാദകരുടെ ഹൃദയം കവർന്നതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ആയിഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രീകരണം റാസല്‍ ഖൈമയില്‍ തുടങ്ങിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ 7 ഭാഷയിലുള്ള പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്. നൃത്ത ചുവട് വയ്ക്കുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത് പ്രഭുദേവയാണ്. പുതിയ സിനിമയുടെ പോസ്റ്റർ ദയ സിനിമയെ ഓർമിപ്പിക്കുന്നുവെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിവന്നിരുന്നു. ആദ്യ കൊമേർഷ്യൽ മലയാളം- അറബിക് ചിത്രമായാണ് ആയിഷ പ്രേക്ഷകരിലേക്കെത്തുന്നത്.

നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഇന്തോ- അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗൾഫിലാണ് ചിത്രീകരിക്കുന്നത്. പൂർണമായും ഒരു കുടുംബചിത്രമായാണ് ആയിഷ ഒരുങ്ങുന്നത്. സംവിധായകൻ സക്കറിയായാണ് ചിത്രം നിർമിക്കുന്നത്.

Read also: അസാധ്യം എന്നല്ലാതെ എന്താണ് പറയുക; അച്ഛൻ മകൾക്കായി ഒരുക്കിയ ഗായത്രിവീണയിൽ അത്ഭുതസംഗീതം പൊഴിച്ച് വൈക്കം വിജയലക്ഷ്മി

മധു വാര്യർ സംവിധാനം നിർവഹിക്കുന്ന ലളിതം സുന്ദരം, ജയസൂര്യക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോ, സൗബിൻ സാഹിറും മഞ്ജു വാര്യർ ഒന്നിക്കുന്ന വെള്ളരിക്ക പട്ടണം തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച കയറ്റവും പ്രേക്ഷകർ കാത്തിരിക്കുന്ന മഞ്ജു ചിത്രമാണ്. നിരവധി ചലച്ചിത്രമേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രമാണ് കയറ്റം.

Story highlights: Manju Warrier film Ayisha poster