സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടുമ്പോൾ; പ്രഭുദേവയ്‌ക്കൊപ്പം ചുവടുവെച്ച് മഞ്ജു വാര്യർ

February 4, 2022

നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘ആയിഷ’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. ഒരു ഇൻഡോ-അറബ് ചിത്രമാണ് ഇത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ റാസൽ ഖൈമയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, സിനിമയിലേക്കായി നൃത്തപരിശീലനം നടത്തുകയാണ് മഞ്ജു വാര്യർ. മറ്റാരുമല്ല, പ്രഭുദേവയാണ് ചിത്രത്തിലേക്കായി നടിയെ നൃത്തം പരിശീലിപ്പിക്കുന്നത്.

എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ് അദ്ദേഹം എത്തിച്ചേർന്നത്.
നീണ്ട ഇടവേളക്കു ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് ഡാൻസ് ചിട്ടപ്പെടുത്തുന്നത്. മഞ്ജു വാര്യർ ആണ് പ്രഭുദേവയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സുഡാനി ഫ്രം നൈജീരിയ’, ‘ഹലാൽ ലവ് സ്റ്റോറി’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സക്കറിയയാണ് ചിത്രം നിർമ്മിക്കുന്നത്.ഒരു കുടുംബ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ നടി മഞ്ജു വാര്യർ ടൈറ്റിൽ റോളിൽ എത്തുന്നു. ‘ഹലാൽ ലവ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആഷിഫ് കക്കോടിയാണ് ‘ആയിഷ’ എന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ചിത്രം മുഴുവൻ മിഡിൽ ഈസ്റ്റിൽ ചിത്രീകരിക്കുമെന്നും മലയാളം, ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also:‘ജീവിതയാത്രയിൽ…’ ഭക്തിനിറച്ച് റിച്ചൂട്ടന്റെ ആലാപനം, ശ്രദ്ധനേടി സംഗീത ആൽബം

അപ്പു എൻ ഭട്ടതിരിയാണ് ‘ആയിഷ’യുടെ എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മയാണ്. ബി കെ ഹരിനാരായണൻ, സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രനാണ് ‘ആയിഷ’യുടെ സംഗീതം ഒരുക്കുന്നത്. ‘വെള്ളരിക്ക പട്ടണം’, ‘ലളിതം സുന്ദരം’, ‘കാപ്പ’ തുടങ്ങി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് നടി മഞ്ജു വാര്യരുടെതായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights- manju warrier with prabhudeva