‘ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും..’- സത്യൻ അന്തിക്കാട്

February 15, 2022

ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് മകൾ.  ജയറാം, മീര ജാസ്മിൻ, ദേവിക എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇപ്പോഴിതാ, ചിത്രം തിയേറ്റർ റിലീസിന് ഒരുങ്ങുന്നതായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ;

‘മകൾ’ ഒരുങ്ങുകയാണ്. കൊവിഡിന്റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫിഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി.തിയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. ‘മകൾ’ കാത്തിരുന്നത് അതിനു വേണ്ടിയാണ്. നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, ‘വടക്കുനോക്കിയന്ത്ര’ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് ‘മകൾ’ രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. അതിനുമുൻപ് ആദ്യത്തെ പോസ്റ്റർ ഇവിടെ അവതരിപ്പിക്കുന്നു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടെയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം ‘മകളി’ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

Read Also: മഹാരാജാസ് സുഹൃത്തുക്കൾ ഒരുമിക്കുന്ന ക്യാമ്പസ് ചിത്രം; ആന്റണി വര്‍ഗീസിന്റെ ‘ലൈല’ ഷൂട്ടിംഗ് ആരംഭിച്ചു

നിരവധി കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക് വന്നിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റേത്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം.

Story highlights- sathyan anthikkad about makal movie