‘നീഹാരം പൊഴിയും വഴിയിൽ’… എംജി ശ്രീകുമാറിന്റെ ശബ്ദത്തിൽ ആറാട്ടിലെ ഗാനം

March 12, 2022

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ബി.ഉണ്ണികൃഷ്ണൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ മാസ് എന്റർടൈനറാണ് ആറാട്ട്. തിയേറ്ററുകളിലെത്തിയ ചിത്രത്തെ വൻ വരവേൽപ്പുമായാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. ആരാധകരെ കോരിത്തരിപ്പിക്കുന്ന ആക്‌ഷൻ രംഗങ്ങളും ഡയലോഗുകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മികച്ച സ്വീകാര്യത നേടിയ സിനിമയിലെ ഒരു വിഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എം ജി ശ്രീകുമാറിന്റെ ആലാപനത്തിൽ ആസ്വാദകരിലേക്കെത്തിയ ഗാനം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീഹാരം പൊഴിയും വഴിയിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയത് ഹരിനാരായണൻ ബികെയാണ്. സംഗീതം രാഹുൽ രാജ്. നെയ്യാറ്റിൻകര ​ഗോപന്റെ കുടുംബത്തെയാണ് ​ഗാനത്തിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. 

ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങിയതും ഇത് ആദ്യമായാണ്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയത്.

Read also: കഴിഞ്ഞ അരനൂറ്റാണ്ടിനിടെ സ്കൂളിന്റെ രൂപം മാറി, കുട്ടികളും അധ്യാപകരും മാറി; അന്നും ഇന്നും മാറ്റങ്ങളില്ലാതെ ആമിനതാത്തയും അവരുടെ രുചിയും

അതേസമയം ബറോസിന്റെ സംവിധാനത്തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബറോസ്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണംനിർവഹിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജ് തുടക്കത്തിൽ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടായത് കാരണം പൃഥ്വിരാജിന് ചിത്രത്തിൽ നിന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

Story highlights: Aaraattu Neeharam Official Video Song