ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ഇന്ന് ഫുൾ ഹാപ്പി; കുരുന്ന് ആരാധകന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആന്റണി വർഗീസ്

March 29, 2022

നിരവധി ആരാധകരുള്ള താരമാണ് ആന്റണി വർഗീസ്. താരത്തെ സ്നേഹത്തോടെ എല്ലാവരും പെപ്പെ എന്നാണ് വിളിക്കുന്നത്. ഇഷ്ടതാരം പെപ്പെയെ ഒന്ന് കാണണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞിന്റെ ചിത്രങ്ങൾ പെപ്പെ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സിനിമ ലൊക്കേഷനിൽ എത്തിയ താരത്തിനെ കാണാൻ കഴിയാതെ കരഞ്ഞ് ബഹളം വെച്ചതാണ് ഇമ്രാൻ ഷിഹാബ്.

‘ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാൻ നിൽക്കുമ്പോൾ കുറച്ചു മാറി ഇവനെ ഞാൻ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താൻ പറ്റാത്ത കാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല…. എന്തായാലും ആലപ്പുഴയിൽ നിന്ന് പോകുന്നതിന് മുൻപ് കണ്ടിട്ടേ ഞാൻ പോകൂ’ വിഡിയോ പങ്കുവെച്ച് ആന്റണി കുറിച്ചിരുന്നു. പെപ്പെയെ കാണണം എന്ന് പറഞ്ഞ കുഞ്ഞിനോട് പെപ്പെ വരും കരയാതെ എന്ന് പറഞ്ഞ് മാതാപിതാക്കൾ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നിരവധിപ്പേരാണ് ഈ വിഡിയോ കണ്ട് കമന്റുകളുമായി എത്തിയത്.

എന്നാൽ ഇപ്പോഴിതാ കുഞ്ഞിനെ കണ്ടതിന് ശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആന്റണി വർഗീസ്. ‘ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ് ധാ ഇന്ന് ഫുൾ ഹാപ്പിയായി ‘ലൈല ‘യുടെ സെറ്റിൽ എത്തിയിട്ടുണ്ട്. .നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്… കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ ലാലിയാകും’ എന്ന കുറിപ്പോടെയാണ് കുഞ്ഞ് ആരാധകനൊപ്പമുള്ള ചിത്രം പെപ്പെ പങ്കുവെച്ചിരിക്കുന്നത്.

അജഗജാന്തരമാണ് താരത്തിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയത്.ആൻറണി വർഗീസിനൊപ്പം അര്‍ജുന്‍ അശോകന്‍, സാബുമോന്‍ അബ്‍ദുസമദ്, സുധി കോപ്പ, ലുക്മാന്‍ അവറാന്‍, ടിറ്റോ വില്‍സണ്‍, ജാഫര്‍ ഇടുക്കി, ബിട്ടോ ഡേവിസ്, വിജിലേഷ് കരയാട്, സിനോജ് വര്‍ഗീസ്, ശ്രീ രഞ്ജിനി, ചെമ്പന്‍ വിനോദ് എന്നിവരും എത്തിയ ചിത്രം ടിനു പാപ്പച്ചനാണ് സംവിധാനം ചെയ്തത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്.

Story highlights: Antony Varghese little fan viral video