കോലി വീണ്ടും ആർസിബിയുടെ ക്യാപ്റ്റനാവും; പ്രവചനവുമായി അശ്വിൻ
ക്രിക്കറ്റ് പ്രേമികളുടെ ഉത്സവമായ ഐപിഎല്ലിന് കൊടിയേറാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വലിയ ആവേശത്തിലാണ് ലോകത്താകമാനമുള്ള ആരാധകർ. മാർച്ച് 26 ന് ചെന്നൈ- കൊൽക്കത്ത മത്സരത്തോടെയാണ് ഈ സീസണിലെ ഐപിഎല്ലിന് തുടക്കമാവുന്നത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. മുംബൈയിലും പുനെയിലുമായി 65 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് റോയല് ചലഞ്ചേഴ്സ് ബംഗളൂരു. ആദ്യ സീസൺ മുതൽ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെങ്കിലും ഒരു തവണ പോലും ആർസിബിക്ക് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ടീമും ആരാധകരും ആഗ്രഹിക്കുന്നില്ല. ഇതിനായി ടീമിൽ വലിയ മാറ്റങ്ങളും ആർസിബി വരുത്തിയിട്ടുണ്ട്. മെഗാതാരലേലത്തില് ഏഴ് കോടി മുടക്കിയാണ് ആര്സിബി ദക്ഷിണാഫ്രിക്കന് താരം ഫാഫ് ഡു പ്ലെസിയെ സ്വന്തമാക്കിയത്. ഇപ്പോൾ ഡുപ്ലെസിയെ തന്നെ ക്യാപ്റ്റനായി തീരുമാനിച്ചിരിക്കുകയാണ് ആർസിബി.മുൻ ക്യാപ്റ്റനായ വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോട് കൂടിയാണ് ആർസിബി മറ്റൊരു ക്യാപ്റ്റനെ തേടിയത്.
എന്നാൽ കോലി വീണ്ടും ആർസിബിയുടെ ക്യാപ്റ്റനാവുമെന്നാണ് ഇന്ത്യൻ സൂപ്പർതാരം രവിചന്ദ്രൻ അശ്വിൻ പറയുന്നത്. ഈ വര്ഷം കോലി ആര്സിബിയുടെ ക്യാപ്റ്റന് സ്ഥാനത്തു നിന്ന് മാറി നില്ക്കുന്നത് ഒരു ഇടവേളയായി കരുതിയാല് മതിയെന്നും അടുത്ത സീസണില് കോലി ക്യാപ്റ്റന് സ്ഥാനത്ത് തിരിച്ചെത്തുമാണ് താന് കരുതുന്നതെന്നും അശ്വിന് യുട്യൂബ് ചാനലില് പറഞ്ഞു. ഫാഫ് ഡുപ്ലെസിയെ നായകനായി തെരഞ്ഞെടുത്ത ബാംഗ്ലൂരിന്റേത് മികച്ച തീരുമാനമായിരുന്നുവെന്നും അശ്വിന് കൂട്ടിച്ചേർത്തു.
Read More: ഹലമാത്തി ഹബിബോ..’; ചടുലമായ ചുവടുകളുമായി ഒരു മുത്തശ്ശി- വിഡിയോ
2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിലെ മുഴുവൻ മത്സരങ്ങൾക്കും ഇന്ത്യ വേദിയൊരുക്കുന്നത്. അതേസമയം ഒരു ടീമിനും ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ല.
Story Highlights: Ashwin about kohli