തിരിച്ചുവരവിൽ ബാഴ്‌സ; എൽ ക്ലാസിക്കോയിൽ റയലിനെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ

March 21, 2022

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളാണ് സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും. അത് കൊണ്ട് തന്നെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഒരു മത്സരം കൂടിയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ. വാശിയേറിയ പോരാട്ടമാണ് ഇരു ടീമുകളും എൽ ക്ലാസിക്കോയിൽ കാഴ്ചവെക്കാറുള്ളത്. തുല്യ ശക്തികളായ ഇരുവരും ഏറ്റുമുട്ടുമ്പോൾ വിജയവും പരാജയവും ഇരു ടീമുകൾക്കൊപ്പവും നിൽക്കാറുണ്ട്.

ഇന്നലെ നടന്ന എൽ ക്ലാസിക്കോയിൽ പക്ഷെ തീർത്തും ഏകപക്ഷീയമായ വിജയമാണ് ബാഴ്‌സ നേടിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്‌സ റയലിനെ തകർത്തെറിഞ്ഞത്. ഇരട്ട ഗോളുകളുമായി ഒബമയാങ് ബാഴ്‌സയുടെ വിജയത്തിന്റെ ചുക്കാൻ പിടിച്ചു. പന്ത് സൂക്ഷിക്കുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്‍തൂക്കം നേടി ആധികാരികമായാണ് ബാഴ്‌സയുടെ ജയം.

തങ്ങളുടെ സൂപ്പർ താരം സ്റ്റാർ സ്‌ട്രൈക്കർ കരീം ബെന്‍സേമയില്ലാതെയിറങ്ങിയ റയല്‍ മാഡ്രിഡിന് മത്സരത്തിൽ തുടക്കം മുതൽ തന്നെ തിരിച്ചടികളായിരുന്നു. 29-ാം മിനുറ്റില്‍ ഒബമയാങ്ങും 38-ാം മിനുറ്റില്‍ റൊണാള്‍ഡ് അറഹോയും ഗോൾ നേടിയതോടെ ആദ്യപകുതിയില്‍ തന്നെ ബാഴ്‌സ രണ്ട് ഗോള്‍ മുന്നിലെത്തി മത്സരത്തിൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്‌സ ആക്രമണം അഴിച്ചുവിട്ടു. 47-ാം മിനുറ്റില്‍ ഫെരാന്‍ ടോറസ് ഗോൾ നേടിയപ്പോൾ 51-ാം മിനുറ്റില്‍ തന്‍റെ രണ്ടാം ഗോള്‍ കുറിച്ച ഒബമയാങ് റയലിന്റെ പതനം പൂർണമാക്കി.

Read More: വീണ്ടും കിരീടം കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്; ഷൂട്ടൗട്ടിൽ കന്നിക്കിരീടം നേടി ഹൈദരാബാദ്

ഇതിഹാസ താരം ലയണൽ മെസ്സി ക്ലബ് വിട്ടതോടെ നില പരുങ്ങലിലായ ബാഴ്‌സയുടെ തിരിച്ചു വരവിന് കൂടിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി ലാ ലിഗ സാക്ഷ്യം വഹിക്കുന്നത്. ബാഴ്‌സയുടെ പ്രതാപകാലത്തെ സൂപ്പർതാരം സാവി, ബാഴ്‌സയുടെ മാനേജറായി എത്തിയതോട് കൂടിയാണ് സ്പാനിഷ് ക്ലബ് വീണ്ടും മികവിലേക്ക് തിരിച്ചെത്തിയത്.

അതേ സമയം മത്സരത്തിൽ തോറ്റെങ്കിലും റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 29 മത്സരങ്ങളില്‍ നിന്ന് 66 പോയിന്റാണ് റയലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയ്‌ക്ക് 57 പോയിന്‍റുകളേയുള്ളൂ. ജയത്തോടെ ബാഴ്‌സ 28 കളിയില്‍ 54 പോയിന്‍റോടെ മൂന്നാം സ്ഥാനത്തേക്കെത്തി.

Story Highlights: Barcelona defeats real madrid in el clasico