വീണ്ടും കിരീടം കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്; ഷൂട്ടൗട്ടിൽ കന്നിക്കിരീടം നേടി ഹൈദരാബാദ്

March 20, 2022

ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ ആറ് വർഷം മുൻപത്തെ ചരിത്രം അതേപടി ആവർത്തിക്കുക ആയിരുന്നു. ഒരു മലയാളി നേടിയ ഗോളിലൂടെ ലീഡ് നേടി വിജയ പ്രതീക്ഷകൾ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീണ്ടും വീഴുകയായിരുന്നു. വലിയ ആവേശത്തോടെ ലോകമെങ്ങും ഫൈനൽ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശ നൽകി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം നേടി. സ്കോർ: 1-1 (ഷൂട്ടൗട്ട് 3-1)

കിരീടം നേടാനായില്ലെങ്കിലും പൊരുതി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി സമ്മതിച്ചത്. തുടക്കം മുതൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആദ്യം ലീഡെടുത്തത്. മലയാളി കൂടിയായ കെ പി രാഹുലിന്റെ അതിമനോഹരമായ ഒരു ഗോൾ ഹൈദരാബാദിന്റെ ഗോൾ വല തുളഞ്ഞാണ് കയറിയത്. പിന്നീടും മത്സരത്തിലുടനീളം ഗംഭീര പ്രകടനം നടത്തിയ കേരളം കിരീടത്തിലേക്ക് അടുക്കുന്നു എന്ന സൂചന തന്നെയാണ് നൽകിയത്.

എന്നാൽ കളി തീരാൻ രണ്ട് മിനുട്ട് ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് സാഹിൽ ടാവോറയിലൂടെ ഗോൾ മടക്കി ഹൈദരാബാദ് സമനില നേടി. അധിക സമയത്തേക്ക് നീണ്ട കളിയിൽ പിന്നീട രണ്ട് ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. അതോടെയാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്.

ഷൂട്ടൗട്ടിൽ തുടക്കം മുതൽ തന്നെ ഹൈദരാബാദിനായിരുന്നു ആധിപത്യം. ഹൈദരാബാദ് ഗോൾ കീപ്പർ ലക്സ്മികാന്ത് കട്ടിമണിയുടെ മാസ്മരിക പ്രകടനമാണ് ഷൂട്ടൗട്ടിലുടനീളം കണ്ടത്. ആദ്യത്തെ രണ്ട് കിക്കുകളും ബ്ലാസ്റ്റേഴ്‌സ് പാഴാക്കിയപ്പോൾ ആദ്യത്തെ കിക്ക്‌ തന്നെ ലക്ഷ്യത്തിലെത്തിച്ച് ഹൈദരാബാദ് ആധിപത്യം സ്ഥാപിച്ചിരുന്നു. സമ്മർദ്ദത്തിലായ ബ്ലാസ്റ്റേഴ്‌സിന്റെ കിക്കുകൾ തുടർച്ചയായി കട്ടിമണിയിൽ തട്ടി നിന്നപ്പോൾ മറുവശത്ത് എടുത്ത കിക്കുകളിൽ ഒന്നൊഴികെ ബാക്കിയെല്ലാം ഹൈദരാബാദ് ഗോളാക്കി മാറ്റുകയായിരുന്നു.

Read More: ഇനിയുള്ള ആറാട്ട് ഒടിടിയിൽ; ‘ആറാട്ട്’ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചു

തോറ്റതിന്റെ നിരാശയുണ്ടെങ്കിലും തങ്ങൾ എന്നെന്നും ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെയാണെന്നാണ് കലൂർ ഫാൻ പാർക്കിലടക്കം ഇന്ത്യയിൽ പല ഭാഗത്തും ബ്ലാസ്റ്റേഴ്സിനായി ആർപ്പുവിളിക്കാൻ തെരുവിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ പറയുന്നത്. അവർ ഇപ്പോഴും പറയുന്നു ‘എന്നെന്നും ബ്ലാസ്റ്റേഴ്‌സ്.’

Story Highlights: Blasters lost ISL final