‘നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകൾ’- ചലച്ചിത്രമേളയിൽ സർപ്രൈസ് അതിഥിയായി ഭാവന
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തി, മലയാളത്തിന്റെ മകളും കന്നഡയുടെ മരുമകളുമായ ഭാവന. നിറഞ്ഞ കൈയടിയോടെയാണ് താരത്തെ കാണികൾ സ്വീകരിച്ചത്. അതേസമയം ഉദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവിടെ കൂടിയ കാണികളെ മുഴുവൻ അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ഭാവനയുടെ എൻട്രി. മേളയിലെ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്.
മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ് പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു- എന്ന് പറഞ്ഞുകൊണ്ടാണ് ഭാവനയെ രഞ്ജിത്ത് വേദിയിലേക്ക് ക്ഷണിച്ചത്. ഉടൻതന്നെ നിറഞ്ഞ കൈയടിയോടെ താരത്തെ വേദി സ്വീകരിച്ചു. അതേസമയം ഈ മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം താരം അറിയിച്ചു. ‘അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതിന് അവസരം നല്കിയ രഞ്ജിത്തിനും ബീന ചേച്ചിക്കും നന്ദി. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അത് ആസ്വദിക്കുന്നവര്‍ക്കും, ലിസയെ പോലെ പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും എന്റെ എല്ലാവിധ ആശംസകളും.’ എന്നാണ് ഭാവന വേദിയിൽ പറഞ്ഞത്.
Read also; ഐഎഫ്എഫ്കെ വേദിയിൽ തിളങ്ങി ലിസ; അതിജീവനത്തിന് പുതിയ അർത്ഥമെഴുതിയ പെൺകരുത്ത്
അതേസമയം ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക 173 ചിത്രങ്ങളാണ്. 15 സ്ക്രീനുകളിലായാണ് സിനിമ പ്രദർശനം. കൊവിഡ് മഹാമാരിയും റഷ്യ- യുക്രൈൻ യുദ്ധവും മൂലം പ്രതിസന്ധിയിലായ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകളാണ് മേളയുടെ പ്രത്യേക ആകർഷണം. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ചലച്ചിത്രമേളയുടെ ഇതാദ്യമായി തിയേറ്ററുകളിലെ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും.
Story highlights: Bhavana surprise guest at iffk 2022