നിറഞ്ഞാടി ഷൈൻ ടോം ചാക്കോയും റംസാനും; ഭീഷ്മപർവ്വത്തിലെ വിഡിയോ ഗാനം ശ്രദ്ധനേടുന്നു

March 14, 2022

പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് ഭീഷ്മപർവ്വം. കാത്തിരുന്നവർക്ക് മുഴുവൻ ആവേശം പകർന്നുകൊണ്ടാണ് ചിത്രം എത്തിയതും. സിനിമയിലെ കഥാപാത്രങ്ങളും ഗാനങ്ങളുമടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലേതായി പുറത്തുവന്ന ഒരു ഗാനമാണ് പാട്ട് പ്രേമികൾക്കിടയിൽ ശ്രദ്ധനേടുന്നത്. ‘രതിപുഷ്പം പൂക്കുന്ന യാമ’ത്തില്‍ എന്ന ​ഗാനമാണ് ആരാധകരിൽ ആവേശമായി പ്രേക്ഷകരിലേക്കെത്തുന്നത്. റംസാനും ഷൈന്‍ ടോം ചാക്കോയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനായകന്‍ ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനാണ്.

സാധാരണ അമൽ നീരദ് ചിത്രങ്ങളിലെ പശ്ചാത്തല സംഗീതമാണ് പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കാറുള്ളത്. പക്ഷെ ഭീഷ്മപർവ്വത്തിലെ ഗാനങ്ങളും ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. അതേസമയം മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസനേടി മുന്നേറികൊണ്ടിരിക്കുകയാണ്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം 2022-ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി ഭീഷ്മപർവ്വം മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

Read also:മലയാളികൾ നെഞ്ചോട് ചേർത്തുപിടിച്ച പ്രണയ ജോഡികൾ വീണ്ടും കുടുംബ സദസ്സുകളിലേയ്ക്ക്..- വരുന്നു, ‘സീതപ്പെണ്ണ്

മുൻപ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബിഗ് ബി’. 2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.