പ്രേക്ഷകർ കാത്തിരുന്ന ടൈറ്റിൽ ഗാനം; ഭീഷ്മപർവ്വത്തിന്റെ ടൈറ്റിൽ ഗാനം ഉൾപ്പെടുന്ന ഓഡിയോ ജ്യൂക്ബോക്സ് റിലീസ് ചെയ്തു

March 10, 2022

അമൽ നീരദ് സിനിമകളിലെ ദൃശ്യങ്ങളെ എല്ലാക്കാലത്തും പ്രേക്ഷകർ ആവേശത്തോടെ തിയേറ്ററുകളിൽ സ്വീകരിക്കാറുണ്ട്. അമൽ നീരദ് സിനിമകൾ തിയേറ്ററുകളിൽ തന്നെ കാണണം എന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നതിനും പ്രധാന കാരണം ദൃശ്യങ്ങളുടെ ഭംഗി തന്നെയാണ്. കവിതകൾ പോലെയാണ് പല ദൃശ്യങ്ങളും അമലിന്റെ ചിത്രങ്ങളിൽ തെളിയുന്നത്. ദൃശ്യങ്ങൾ പോലെ തന്നെ സംവിധായകന്റെ ചിത്രത്തിലെ സംഗീതവും വളരെ ശ്രദ്ധേയമാവാറുണ്ട്.

സാധാരണ അമൽ നീരദ് ചിത്രങ്ങളിലെ പശ്ചാത്തല സംഗീതമാണ് പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുക്കാറുള്ളത്. പക്ഷെ ഭീഷ്മപർവ്വത്തിലെ ഗാനങ്ങളും ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ‘പറുദീസ’, ആകാശം പോലെ’, തുടങ്ങിയ ഗാനങ്ങൾ തിയേറ്ററുകളിലും പ്രേക്ഷകരുടെ മനം കവർന്ന ഗാനങ്ങളാണ്.

ഇപ്പോൾ ചിത്രത്തിലെ ഗാനങ്ങളടങ്ങുന്ന ഓഡിയോ ജ്യൂക്ബോക്സ് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൂന്ന് ഗാനങ്ങള്‍ക്കൊപ്പം ബിഗിനിംഗ് ടൈറ്റില്‍സിന്‍റെ പശ്ചാത്തല സംഗീതവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Read More: മലയാളമടക്കം 6 ഭാഷകളിൽ ‘ഡ്യൂൺ’ എത്തുന്നു; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോൺ പ്രൈം വീഡിയോ

അതേ സമയം ഭീഷ്മപർവ്വം 2022-ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്.

Story Highlights: Bheeshmaparvam audio jukebox release