മാർച്ചിൽ പുതിയ കരാർ ഒപ്പിടും അടുത്ത സീസണിൽ ആരാധകരെ കാണണം: ഇവാൻ വുകമനോവിച്ച്
നിങ്ങൾ തുടർ വിജയങ്ങൾ നേടുമ്പോൾ നിങ്ങളെ ലോകം കരുത്തർ എന്ന് വിളിച്ചേക്കാം, പക്ഷെ പ്രതിസന്ധിയിൽ വിജയം നേടുമ്പോൾ നിങ്ങളെ ലോകം കൂടുതൽ കൂടുതൽ കരുത്തരെന്ന് വിളിക്കും. അങ്ങനെ നോക്കിയാൽ കൂടുതൽ കൂടുതൽ കരുത്തരായി മാറുകയാണ് കേരളത്തിന്റെ ഫുട്ബോൾ താളത്തിന്റെ മറുപേരായ കേരള ബ്ലാസ്റ്റേഴ്സ്..
വിജയമെന്നതിനപ്പുറമെന്തെന്ന് പോലും ചിന്തിക്കാനാകാത്തത്ര സങ്കീർണ്ണമായ അവസ്ഥയിലാണ് കേരളം ഇന്നലെ മുംബൈക്കെതിരെ കളിക്കാനിറങ്ങുന്നത്. സമനിലയോ തോൽവിയോ പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ ഇല്ലാതാക്കുമെറുപ്പായിരുന്നു. വിജയതീരമണയാൻ വർധിത വാശിയോടെ പോരാടിയ ബ്ലാസ്റ്റേഴ്സ്, ആരാധകരുടെ മനസും മുംബൈയുടെ പോസ്റ്റും നിറച്ച് ഒന്നിനെതിരെ 3 ഗോളിന്റെ വിജയം നേടി പ്ലേ ഓഫിനെ അത്രമേൽ സ്നേഹത്തോടെ വാരി പുണരാൻ തൊട്ടരികിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയതിന്റെ എറ്റവും വലിയ ക്രെഡിറ്റ് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന കോച്ച് ഇവാനു കൂടി അവകാശപ്പെട്ടതാണ്. അതിന് തെളിവാണ് ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയപ്പോൾ അത് ആഘോഷിക്കാൻ ഗോൾ കീപ്പറടക്കം ഇവാൻറെ അരികിലേക്ക് ഓടിയെത്തുന്നത്. മത്സര ശേഷം ആരാധകർക്ക് വിജയത്തോളം സന്തോഷിക്കാൻ അവസരമൊരുക്കി താൻ മാർച്ചിൽ ബ്ലാസ്റ്റേഴ്സുമായുള്ള പുതിയ കരാർ ഒപ്പിടുമെന്നും, അടുത്ത സിസണിൽ ആരാധകരെ കാണണമെന്നും ഇവാൻ പറഞ്ഞു…
ഓരോ സീസണിലും കോച്ചും പ്രമുഖ താരങ്ങളും മാറുന്ന പതിവ് കലാപരിപാടിയോട് ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നു.. ബ്ലാസ്റ്റേഴ്സിന്റെ ആവേശങ്ങളുടെ എൻജിൻ മഞ്ഞപ്പടയുടെ മുന്നിൽ, സ്റ്റേഡിയത്തെ മഞ്ഞ കടലായും മറ്റൊന്നും കേൾക്കാനാകാത്തത്ര ആർപ്പുവിളിയുടെ ഇടമായും മാറ്റുന്ന മഞ്ഞപ്പടയുടെ മുന്നിൽ ഇവാൻ നിൽക്കുന്നത് ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു… ഒരു ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിനെ ഇത്രത്തോളം മാറ്റിയ മറ്റൊരു കോച്ചും ഇതുവരെയുണ്ടായിട്ടില്ല. ഇനി ഗോവയോടുള്ള അവസാന ലീഗ് മത്സരം കൂടിയാണ് കേരളത്തിന് ബാക്കിയുള്ളത്. തോൽവി പ്ലേ ഓഫിലേക്കുള്ള അവസരം ഇല്ലാതാക്കാനിടയുണ്ട്. വിജയമോ സമനിലയോ നേടി പ്ലേ ഓഫിലേക്കുള്ള വാതിൽ മലർക്കെ തുറക്കുക എന്നത് തന്നെയാകും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. 2016 മുതലുള്ള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് വലിയ നിറം സമ്മാനിക്കാൻ ഇവാനാകട്ടെ… ഇനിയുമുണ്ടാകട്ടെ ഇവാൻ മാജിക്, ഈ സീസണിലെ ഇനിയുള്ള കളികളിലും അടുത്ത സീസണിലും…
Story highlights: coach vukamanovic says about kerala blasters