ഇത് കൊണ്ടാണ് ഏഴാം നമ്പർ ജേഴ്സിയണിയുന്നത്; ധോണിയുടെ രസകരമായ തുറന്ന് പറച്ചിൽ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് മഹേന്ദ്രസിംഗ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഇപ്പോൾ ഐപിഎല്ലിൽ മാത്രമാണ് കളിക്കുന്നത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനാണ് ധോണി. ആദ്യ സീസൺ മുതൽ ചെന്നൈയെ ഐപിഎല്ലിൽ നയിക്കുന്ന ധോണിയുടെ ക്യാപ്റ്റൻസിക്ക് വലിയ പ്രശംസയാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ധോണി ഈ സീസണിൽ കിരീടം നിലനിർത്താനുറപ്പിച്ചാണ് ഇറങ്ങുന്നത്. ഇപ്പോൾ താൻ ഏഴാം നമ്പർ ജേഴ്സി തിരഞ്ഞെടുക്കാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ധോണി.
രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയപ്പോൾ മുതൽ ധോണി ഏഴാം നമ്പർ ജേഴ്സിയാണ് ഉപയോഗിക്കുന്നത്. പക്ഷെ എന്തെങ്കിലും അന്ധവിശ്വാസത്തിന്റെ പുറത്തല്ല താൻ ഏഴാം നമ്പർ തിരഞ്ഞെടുത്തതെന്നും തന്റെ ജന്മദിനം ഏഴാം തീയതി ആയത് കൊണ്ടാണ് ആ നമ്പറിലുള്ള ജേഴ്സി അണിയുന്നതെന്നും പറഞ്ഞിരിക്കുകയാണ് ധോണി.
ഒരു ചടങ്ങിൽ ആരാധകരുമായി സംസാരിക്കവെയാണ് ധോണി തന്റെ ജേഴ്സി നമ്പറിന് പിന്നിലുള്ള കഥ തുറന്ന് പറഞ്ഞത്. “ഏഴാം നമ്പര്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. പലരും ഏഴാം നമ്പറിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഞാന്‍ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കാനുള്ള കാരണം ലളിതമാണ്. എന്റെ ജന്മദിനം ജൂലൈ ഏഴിനാണ്. ഏഴാം മാസത്തിലെ ഏഴാം ദിവസമാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടുതന്നെയാണ് ഞാന്‍ ഏഴാം നമ്പര്‍ ജേഴ്സി ധരിക്കുന്നത്. ഏതെങ്കിലും നമ്പര്‍ ധരിക്കുന്നതിനെക്കാള്‍ നല്ലതല്ലേ എന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ജേഴ്സി തന്നെ ധരിക്കുന്നത് എന്നതുകൊണ്ടാണ് ഏഴാം നമ്പര്‍ തെരഞ്ഞെടുത്തത്.”
Story Highlights: Dhoni about his jersy number