അരവിന്ദ് കരുണാകരനായി ദുൽഖർ സൽമാൻ; റോഷൻ ആന്‍ഡ്രൂസ് ചിത്രം ‘സല്യൂട്ട്’ തിയേറ്ററുകളിലേക്കില്ല

March 7, 2022

താരപുത്രൻ എന്നതിനപ്പുറം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച് മലയാളി സിനിമ ആരാധകരുടെ ഹൃദയത്തിൽ അച്ഛനെപ്പോലെ തന്നെ സ്ഥാനം ഉറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനപ്പുറം തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും എത്തിയ താരത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകരുമിപ്പോൾ. ലോക്ക്ഡൗൺ കാലത്ത് പ്രതിസന്ധിയിലായ തിയേറ്ററുകൾക്ക് മുഴുവൻ പുത്തൻ പ്രതീക്ഷ നൽകികൊണ്ടായിരുന്നു ദുൽഖർ നായകനായ ശ്രീനാഥ്‌ രാജേന്ദ്രൻ ചിത്രം കുറുപ്പ് എത്തിയത്. പിന്നീട് ദുൽഖറിന്റെ ഹേ സിനാമിക എന്ന തമിഴ് ചിത്രവും തിയേറ്റർ റിലീസായി പ്രേക്ഷകരിലേക്കെത്തി. ഇപ്പോഴിതാ സിനിമ ആസ്വാദകർ മുഴുവൻ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് സല്യൂട്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ തിയേറ്റർ റിലീസായിരിക്കും എന്ന് പറഞ്ഞ ചിത്രം ഒടിടിയിലായിക്കും റിലീസ് ചെയ്യുക എന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സോണി ലിവ് വഴിയായിരിക്കും സിനിമ സ്ട്രീം ചെയ്യുക. അതേസമയം റിലീസ് ഡേറ്റ് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. അതേസമയം നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ക്ക് നടുവില്‍ നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് പൊലീസ്‌ പാശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്.

Read also: അന്ന് ലോക്ക്ഡൗണിൽ മകനെ വീട്ടിലെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറോടിച്ച ‘അമ്മ, ഇന്ന് യുക്രൈനിൽ കുടുങ്ങിയ മകനെ നാട്ടിലെത്തിക്കാനുള്ള പോരാട്ടത്തിൽ…

ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. മനോജ് കെ ജയന്‍, ബിനു പപ്പു, അന്‍സിബ, ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാര്‍, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: dulquer salmaan movie salute ott release