വിനീത് ശ്രീനിവാസന്റെ വരികൾക്ക് ദിവ്യയുടെ ശബ്ദം; പ്രേക്ഷകർ കാത്തിരുന്ന ഉണക്കമുന്തിരി ഗാനമെത്തി

March 18, 2022

പ്രേക്ഷകർക്ക് മികച്ച സിനിമ അനുഭവം നൽകികൊണ്ടായിരുന്നു പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹൃദയം എത്തിയത്. പാട്ടുകൾക്ക് ഏറെ പ്രധാന്യം നൽകി ഒരുക്കിയ ചിത്രത്തിലെ ഉണക്കമുന്തിരി ഗാനത്തിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഉണക്ക മുന്തിരി’ എന്ന് തുടങ്ങുന്ന ​ഗാനം എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സം​ഗീതം. പ്രണവ് മോഹൻലാലും കല്യാണിയും തന്നെയാണ് ഗാനത്തിലെ മുഖ്യആകർഷണവും. പ്രണവിന്റെ അരുൺ എന്ന കഥാപാത്രവും കല്യാണിയുടെ നിത്യ എന്ന കഥാപാത്രവും തമ്മിലുള്ള സൗഹൃദം പറയുന്ന ​ഗാനമാണിത്. 

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അതേസമയം പ്രണവ് നായകനായി എത്തിയ മൂന്നാമത്തെ ചിത്രമാണ് വെള്ളിത്തിരയിലെത്തിയ ഹൃദയം.

Read also: ‘അദ്ദേഹം തന്നെയാണ് ക്യാപ്റ്റനായി വരേണ്ടത്’; ആർസിബിയുടെ പുതിയ ക്യാപ്റ്റനെ പറ്റി ദിനേശ് കാർത്തിക്

ഒരു റൊമാന്റിക് ചിത്രമായി എത്തിയ സിനിമ ഗാനത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഹൃദയത്തിൽ 15 പാട്ടുകൾ ആണുള്ളത്. മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങിയത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. 2022 ജനുവരി 21 മുതലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. കോളജ് കാലഘട്ടത്തിലെ രസകരമായ സംഭവങ്ങളും പ്രണയവും സൗഹൃദവും പറയുന്ന ചിത്രം കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് പ്രേക്ഷകരിലേക്കെത്തിയത്. സിനിമയിൽ അരുൺ എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിച്ചത്. നിത്യയായി കല്യാണിയും ദർശനയായി ദർശന രാജേന്ദ്രനും മികച്ച അഭിനയമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.

Story highlights: Hridayam Onakka Munthiri Video Song