അവസാന നിമിഷം ഗോൾ വഴങ്ങി; ബഹറിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി

March 24, 2022

ബഹറിനുമായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് അവസാന നിമിഷത്തെ ഗോളിൽ തോൽവി. സമനിലയിലേക്ക് പോവുന്നു എന്ന് തോന്നിയ ഘട്ടത്തിൽ നിന്ന് അവസാന നിമിഷം മത്സരം തിരിച്ചു പിടിക്കുകയായിരുന്നു ബഹറിൻ.

തുടക്കം മുതൽ ആക്രമണ ഫുട്‍ബോളാണ് ബഹറിൻ കാഴ്‌ചവെച്ചത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റിലാണ് ബഹ്റിന്‍ ലീഡെടുത്തത്. മൊഹമ്മദ് ഹര്‍ദാനായിരുന്നു ബഹ്റിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ലീഡെടുത്ത ബഹ്റിനെ രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ രാഹുല്‍ ബെക്കേയുടെ ഗോളിലാണ് ഇന്ത്യ സമനിലയില്‍ തളച്ചത്.

കളി സമനിലയിൽ കലാശിക്കും എന്നുറപ്പിച്ചിരുന്നപ്പോൾ അപ്രതീക്ഷിതമായാണ് ബഹറിനിൽ നിന്ന് മറ്റൊരു ആക്രമണമുണ്ടായത്. 88-ാം മിനിറ്റിൽ ബഹറിന്റെ ഹുമൈദാനാണ് ഇന്ത്യക്ക് കനത്ത പ്രഹരമേല്പിച്ച് ഗോൾ നേടിയത്.

നേരത്തെ കളിയുടെ തുടക്കത്തിൽ ബഹറിൻ ഒരു സുവർണാവസരം പാഴാക്കിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ കുറച്ചു കൂടി പരുങ്ങലിലാവുമായിരുന്നു. ഏഴാം മിനിറ്റില്‍ പെനല്‍റ്റി ബോക്സില്‍ വെച്ച് ഇന്ത്യയുടെ പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്‍റെ കൈയില്‍ പന്ത് തട്ടിയതിന് ബഹ്റിന് അനുകൂലമായി പെനല്‍റ്റി വിധിച്ചിരുന്നു. എന്നാല്‍ ബഹ്റിന്‍റെ പെനല്‍റ്റി നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തിട്ടു.

Read More: ‘മായല്ലേ മായല്ലേ, മഴവിൽ കനവേ..’- ‘മകൾ’ സിനിമയിലെ ആദ്യ ഗാനത്തിന്റെ ടീസർ എത്തി

പരിചയ സമ്പന്നരായ താരങ്ങൾക്കൊപ്പം മികവ് പ്രകടിപ്പിച്ച യുവ താരങ്ങളെ കൂടി ഉൾപ്പെടുത്തി മികച്ചൊരു ടീമിനെയാണ് കോച്ച് ഇഗോർ സ്റ്റിമാക്ക് ഇന്നലെ ബഹറിനെ നേരിടാൻ ഇറക്കിയത്. എഎഫ്‌സി കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യ ബഹറിനെ നേരിട്ടത്.

ശനിയാഴ്ച ബെലാറൂസിനെയും ഇന്ത്യ നേരിടുന്നുണ്ട്. എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ജൂണ്‍ എട്ടിന് കംബോഡിയയെയും 11ന് അഫ്ഗാനിസ്ഥാനെയും 14ന് ഹോങ്കോങിനെയും നേരിടും.

Story Highlights: India loses against bahrain