ഇന്നസെന്റിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യാമോയെന്ന് എം ജി ശ്രീകുമാർ; ശേഷം വേദിയിൽ പിറന്നത് മനോഹരമായ നിമിഷങ്ങൾ

March 29, 2022

സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ഇന്നസെന്റ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നർമ മുഹൂർത്തങ്ങളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. മലയാളി സിനിമ പ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ കഥാപാത്രങ്ങളെ നടൻ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. പ്രേക്ഷകർ ജീവിതത്തിലും സ്ഥിരമായി സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന പല തമാശ ഡയലോഗുകളും ഇന്നസെന്റിനൻറെ കഥാപാത്രങ്ങൾ സിനിമകളിൽ പറഞ്ഞിട്ടുള്ളവയാണ്.

ബഹുമുഖ പ്രതിഭയായ ഒരു നടൻ കൂടിയാണ് ഇന്നസെന്റ്. ഇപ്പോൾ മ്യൂസിക് ഉത്സവ വേദിയിൽ ഇന്നസെന്റ് പാടിയ ഒരു പാട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മലപ്പുറം പൊന്നാനിയിലെ ഭദ്ര സ്കൂൾ ഓഫ് ആർട്സ് എന്ന നൃത്ത സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഒരു മികച്ച നൃത്തത്തിന് ശേഷമായിരുന്നു ഇന്നസെന്റിന്റെ പാട്ട്.

വിദ്യാർത്ഥികളുടെ പ്രകടനത്തിന് ശേഷം താനും പണ്ട് ഡാൻസ് ചെയ്യാൻ പോയിരുന്നുവെന്നാണ് ഇന്നസെന്റ് പറയുന്നത്. ഏത് ഡാൻസാണ് ചെയ്യാൻ പോയതെന്ന് ഗായകൻ എം ജി ശ്രീകുമാർ ചോദിച്ചപ്പോഴാണ് തന്റെ പഴയ ജിപ്സി നൃത്തത്തെ പറ്റി ഇന്നസെന്റ് പറയുന്നത്. നൃത്തത്തിനായി ഉപയോഗിച്ച പാട്ട് താൻ പാടാമെന്ന് പറഞ്ഞാണ് ഇന്നസെന്റ് മനോഹരമായി ആ പാട്ട് പാടുന്നത്.

ഇന്നസെന്റ് പാട്ട് പാടി കഴിഞ്ഞപ്പോഴാണ് ഈ പാട്ടിനൊത്ത് നൃത്തം ചെയ്യാൻ കഴിയുമോയെന്ന് ഭദ്ര സ്കൂൾ ഓഫ് ആർട്സ് സ്കൂളിലെ വിദ്യാർത്ഥികളോട് എം ജി ശ്രീകുമാർ ചോദിക്കുന്നത്. നിമിഷ നേരം കൊണ്ട് നൃത്തത്തിനായി തയാറായ വിദ്യാർത്ഥികൾ വളരെ മനോഹരമായാണ് ഇന്നസെന്റിന്റെ പാട്ടിനൊത്ത് നൃത്തം ചവിട്ടിയത്. മ്യൂസിക് ഉത്സവ വേദിയിലെ അതിമനോഹരമായ ഒരു നിമിഷമായി മാറുകയായിരുന്നു അത്.

Read More: ‘ഒരു മധുരക്കിനാവിൻ ലഹരിയിൽ’; പാട്ട് വേദിയെ ഇളക്കിമറിച്ച് അക്ഷിത്…

നടൻ ഇന്നസെന്റിന്റെ മനസ്സ് നിറച്ച പല അനുഭവങ്ങളും മ്യൂസിക് ഉത്സവ വേദിയിൽ അരങ്ങേറിയിരുന്നു. അത്തരമൊരു നിമിഷമായി ഇതും മാറി.

Story Highlights: Innocent’s song