ഐപിഎൽ മാമാങ്കത്തിന് ഇന്ന് തിരി തെളിയുന്നു; ആദ്യ മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണായി വലിയ ആവേശത്തോടെയാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്. ഇന്ന് ചെന്നൈയും കൊൽക്കത്തയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ ഈ വർഷത്തെ ഐപിഎല്ലിന് തുടക്കം കുറിക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുന്നത്.
നേരത്തെ ചെന്നൈ സൂപ്പർകിങ്സിന്റെ നായക സ്ഥാനം ഒഴിഞ്ഞ് കളി തുടങ്ങുന്നതിന് മുൻപ് തന്നെ ആരാധകരെ ഞെട്ടിച്ചിരുന്നു മുൻ ഇന്ത്യൻ നായകൻ കൂടിയായ മഹേന്ദ്ര സിംഗ് ധോണി. സൂപ്പർതാരം രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ പുതിയ നായകൻ. ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് രവീന്ദ്ര ജഡേജ. ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും ബാറ്റ് കൊണ്ട് ഇപ്പോഴും ടീമിന് വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്ന താരമാണ് ധോണി. അരങ്ങേറ്റമുറപ്പിച്ച ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്ക്വാദ്, റോബിന് ഉത്തപ്പ, അമ്പാട്ടി റായുഡു എന്നിവരുടെ ബാറ്റിലേക്കാണ് ചെന്നൈ ഉറ്റുനോക്കുന്നത്. ഓൾറൗണ്ട് മികവുമായി ഡ്വെയ്ന് ബ്രാവോയും ശിവം ദുബേയും എത്തുന്നതോടെ കരുത്തരാവുകയാണ് ചെന്നൈ ടീം. പരിക്കേറ്റ ദീപക് ചാഹറും ക്വാറന്റൈനിൽ കഴിയുന്ന മൊയീൻ അലിയും ഇല്ലാതെയാണ് ചെന്നൈ ടീം ഇന്നിറങ്ങുന്നത്.
അതെ സമയം ഈ കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ വാശിയേറിയ ലേലം വിളിയാണ് ശ്രേയസ് അയ്യർക്ക് വേണ്ടി നടന്നത്. കടുത്ത പോരാട്ടത്തിനൊടുവിൽ 12.25 കോടിക്ക് താരത്തെ ടീമിലെത്തിച്ച കൊൽക്കത്ത ശ്രേയസിനെ തന്നെ ടീമിന്റെ നായകനായി പ്രഖ്യാപിക്കുകയായിരുന്നു. വെങ്കടേഷ് അയ്യർ, അജിങ്ക്യ രഹാനെ, നിതീഷ് റാണ, സാം ബില്ലിംഗ്സ്, ആന്ദ്രേ റസൽ, സുനിൽ നരൈൻ, വരുൺ ചക്രവർത്തി തുടങ്ങിയ താരങ്ങളിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ.
2019 സീസണിന് ശേഷം ആദ്യമായാണ് ഐപിഎല്ലിലെ മുഴുവൻ മത്സരങ്ങൾക്കും ഇന്ത്യ വേദിയൊരുക്കുന്നത്. അതേസമയം ഒരു ടീമിനും ഹോം ഗ്രൗണ്ട് ആനുകൂല്യം ലഭിക്കില്ല.
Read More: IPL begins today