ഒരുങ്ങുന്നു അങ്കത്തട്ട്; കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിലുള്ള ഐഎസ്എൽ ഫൈനൽ ഞായറാഴ്ച ഗോവയിൽ

March 17, 2022

ആദ്യ പാദത്തിലെ വമ്പൻ വിജയത്തിന്റെ കരുത്തിൽ എടികെ മോഹൻ ബഗാനെ കീഴടക്കി ഹൈദരാബാദ് എഫ്‌സി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തിൽ എടികെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചുവെങ്കിലും ആദ്യ പാദ മത്സരത്തിൽ നേടിയ 3 ഗോളുകളാണ് ഹൈദരാബാദിന് തുണയായത്. ഇരു പാദങ്ങളിലുമായി ഹൈദരാബാദിന് 3 ഗോളുകളും എടികെക്ക് 2 ഗോളുകളുമാണ് ഉള്ളത്.

ജയിക്കാനുറപ്പിച്ച് തന്നെയാണ് എടികെ ഇന്നലെ ഇറങ്ങിയത്. തുടക്കം മുതല്‍ എടികെ ആക്രമണങ്ങളുമായി ഹൈദരാബാദ് ബോക്സിലേക്ക് ഇരച്ചെത്തി. ഏഴാം മിനിറ്റില്‍ പ്രബീര്‍ ദാസിന്‍റെ തകര്‍പ്പന്‍ ഷോട്ട് ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷികാന്ത് കട്ടിമണി രക്ഷപ്പെടുത്തി. മുന്നേറ്റനിരയില്‍ പ്രബീര്‍ ദാസും റോയ് കൃഷ്ണയും ഹൈദരാബാദ് ഗോള്‍ മുഖത്ത് നിരന്തരം ആക്രമണങ്ങളുമായി എത്തിയെങ്കിലും ആദ്യ പകുതിയില്‍ അവര്‍ക്ക് ഹൈദരാബാദ് ഗോൾ കീപ്പറിനെ മറികടക്കാനായില്ല. രണ്ടാം പകുതിയിലും ഗോളിലേക്ക് പലതവണ ലക്ഷ്യം വച്ചെങ്കിലും ഒന്ന് പോലും ഗോളാക്കി മാറ്റാൻ എടികെക്ക് കഴിഞ്ഞില്ല. ഒടുവില്‍ 79-ാം മിനിറ്റിലാണ് റോയ് കൃഷ്ണയിലൂടെ എടികെ ലീഡെടുത്തത്. ലിസ്റ്റണ്‍ കൊളാസോയുടെ പാസില്‍ നിന്നായിരുന്നു കൃഷ്ണയുടെ ഗോള്‍. പിന്നീടും എടികെക്ക് പല അവസരങ്ങളും ലഭിച്ചുവെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.

Read More: ജെയിംസിന് വൻവരവേൽപ്പ്; പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം കണ്ട് നിറകണ്ണുകളൊടെ ആരാധകർ

അതേ സമയം ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിരയിലാഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിലേക്ക് പ്രവേശിച്ചത്. ഗോവയിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ ഫൈനലിലെത്തിയിരിക്കുന്നത്. ഐഎസ്എൽ കിരീടമെന്ന ടീമിന്റെയും ആരാധകരുടെയും വർഷങ്ങളുടെ പഴക്കമുള്ള സ്വപ്നത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

Story Highlights: ISL final on sunday